കച്ചവടക്കാരന് മർദനം; പ്രതികളെ പിടികൂടുമോ ? ഉത്തരമില്ലാതെ പൊലീസ്
text_fieldsകായംകുളം: നവകേരള യാത്രാ സംഘത്തിന് നേരെയുള്ള പ്രതിഷേധം തടയാൻ ഇറങ്ങിയതിന്റെ മറവിൽ കച്ചവടക്കാരനെ മർദിച്ച സംഭവം രാഷ്ട്രീയ സമ്മർദ്ദത്താൽ അട്ടിമറിയുമെന്ന് സൂചന. നേരത്തെയുള്ള അനുഭവങ്ങൾ മുൻനിർത്തിയാണ് പൊലിസ് നടപടികളിൽ സംശയങ്ങൾ ഉയരുന്നത്. കൊറ്റുകുളങ്ങര ഇടശേരി ജങ്ഷനിലെ മൊബൈൽ കട ഉടമ ഒറാറശേരിൽ വഹാബിന് (ബാബുകുട്ടൻ -36) മർദ്ദനമേറ്റ സംഭവത്തിലെ പ്രതികളാണ് കാണാമറയത്ത് തുടരുന്നത്.
നവകേരള ബസ് കടന്നുപോകുമ്പോൾ സ്വന്തം കടക്ക് മുന്നിൽ നിന്നയാളിനെ മുൻ വൈരാഗ്യത്താൽ ആക്രമിച്ച സംഭവം സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ അരുൺ അന്തപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതായി പറയുന്നത്. ഇതിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടുന്നതിൽ മെല്ലപ്പോക്ക് നയമാണ് പൊലീസിന്. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ പ്രതിയായ ഇയാളെ സംരക്ഷിക്കുന്ന സമീപനമാണ് അധികൃതരിൽ നിന്നുണ്ടാകുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ആഗസ്റ്റിൽ മീറ്റർ പലിശ വിവാദ പശ്ചാത്തലത്തിൽ എടുത്ത കേസാണ് ഒടുവിലത്തെ ഉദാഹരണം. അരുണിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണം ഇടപാട് രേഖകൾ പിടികൂടിയ കേസിൽ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തെങ്കിലും കോടതിയിൽ നിന്നും ജാമ്യം നേടാൻ അവസരം ഒരുക്കുകയായിരുന്നു. ചില സി.പി.എം നേതാക്കളുടെ സംരക്ഷണമാണ് ഇതിനെല്ലാം കരുത്താകുന്നതത്രെ.
ടൗൺഹാൾ ബി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അരുണിനെ ഗവ. ആശുപത്രി അക്രമണ കേസിൽ ഉൾപ്പെട്ടതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വന്നിരുന്നു. സംഭവം വിവാദമായതോടെ ഗത്യന്തരമില്ലാതെയാണ് നടപടിക്ക് നിർബന്ധിതരായത്. നേതൃ സംരക്ഷണയുള്ള ഇവരെ അടുത്തിടെ തിരിച്ചെടുത്തതും പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.
ഉൾപ്പാർട്ടി വിമർശനം നടത്തിയതിനടക്കം പുറത്താക്കപ്പെട്ട പ്രമുഖരായ പലരും വർഷങ്ങളായി അച്ചടക്ക നടപടിയിൽ തുടരുമ്പോഴാണ് വേഗത്തിൽ നടപടി അവസാനിപ്പിച്ച് ഇവരെ തിരിച്ചെടുക്കുന്നത്. ഇതിനിടെ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഉൾപ്പെടുന്നവർ സുരക്ഷ സേനയുടെ ഭാഗമാകരുതെന്ന ഉന്നത നേതാക്കളുടെ നിർദ്ദേശം ലംഘിച്ചാണ് ഇവർ പങ്കാളികളായതെന്ന ചർച്ചയും ഉയരുന്നുണ്ട്.
പ്രതിഷേധക്കാരെ പൊലീസ് നോക്കുമെന്നായിരുന്നു നേതാക്കൾ നൽകിയ നിർദ്ദേശം. ഇത് ലംഘിച്ച് ക്രിമിനൽ പശ്ചാത്തലമുള്ളവർ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ടീ ഷർട്ടുകളും ധരിച്ച് അക്രമം നടത്തിയത് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നാണ് അഭിപ്രായം.
പൊലീസിന്റെ അവസരോചിത ഇടപെടലാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാകുന്നതിന് കാരണമായത്. ഇതിനിടെ പൊലീസിനെ സഹായിക്കാൻ ഇറങ്ങിയ പ്രവർത്തകർക്ക് ലാത്തിയടിയേൽക്കേണ്ടി വന്നത് ഡി.വൈ.എഫ്.ഐയേയും വെട്ടിലാക്കിയ നടപടിയായി. അതേ സമയം സി.പി.എമ്മുകാരിയായ നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ ബന്ധുവായ ബാബുകുട്ടനോടുള്ള മുൻവൈരാഗ്യം തീർക്കാൻ നവകേരള സദസ്സിനെ മറയാക്കിയതും പാർട്ടിക്കുള്ളിൽ ചൂടേറിയ ചർച്ചക്ക് കാരണമായിട്ടുണ്ട്.
2021 ൽ ബാബുകുട്ടന്റെ കുടുംബത്തിൽപ്പെട്ടവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 10 ലക്ഷത്തോളം കവർച്ച നടത്തിയ സംഭവം അരങ്ങേറിയിരുന്നു. ഇതിലെ പ്രതികൾക്ക് പിന്നീട് കൊറ്റുകുളങ്ങരയിൽ വെച്ച് മർദ്ദനമേറ്റിരുന്നു. ഈ ശത്രുതയാണ് ബാബുകുട്ടനെ അക്രമിക്കാൻ കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
അന്ന് ഏറെ വിവാദമുണ്ടാക്കിയ മർദ്ദന സംഭവം ഏരിയ കമ്മിറ്റി ഓഫിസിലെ മധ്യസ്ഥ ചർച്ചയിലൂടെ പാർട്ടി നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ അക്രമണത്തിലൂടെ പഴയ സംഭവങ്ങൾ വീണ്ടും ചർച്ചയാക്കാൻ കാരണമാക്കിയതിലും നേതൃത്വം അസംതൃപ്തരാണെന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

