പീഡനം, പണം തട്ടിയെടുക്കൽ; 13 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ
text_fieldsസുരേഷ് കെ. നായർ
തിരുവല്ല: സൗഹൃദത്തിലായ യുവതിയുടെ നഗ്നവിഡിയോ പകർത്തിയ ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒളിവിലിരുന്ന മലപ്പുറം സ്വദേശിയായ പ്രതി 13 വർഷത്തിനുശേഷം അറസ്റ്റിൽ.
മൂത്തേടം വില്ലേജിൽ തച്ചേടത്ത് വീട്ടിൽ സുരേഷ് കെ. നായരാണ് (54) തിരുവല്ല പൊലീസിന്റെ പിടിയിലായത്. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം. 2009ൽ ഭർത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പം സ്ഥാപിച്ച സുരേഷ് അവരറിയാതെ നഗ്നവിഡിയോ പകർത്തി.
ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് വീണ്ടും പീഡിപ്പിച്ചു. പണവും തട്ടിയെടുത്തു. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട വിവരം വിദേശത്തുനിന്ന് അവധിക്ക് വന്ന ഭർത്താവറിഞ്ഞു. തുടർന്നാണ് സംഭവങ്ങൾ പുറത്തായത്.
യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞ സുരേഷ് മുംബൈയിലേക്ക് മുങ്ങി. വിവിധ സ്ഥലങ്ങളിൽ വ്യാജ മേൽവിലാസത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷിനെ തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദ്, സി.ഐ ബി. സുനിൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്ന പ്രത്യേക സംഘമാണ് എറണാകുളത്തുനിന്ന് പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

