തിരുവനന്തപുരം: മോഷണക്കേസിൽ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ ശുചിമുറിയിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ച് എ.സി.പി എം.കെ. സുൾഫിക്കറിനാണ് അന്വേഷണ ചുമതല. ഞായറാഴ്ച രാത്രി 9.30നാണ് പൂന്തുറ പള്ളിത്തെരുവ് സ്വദേശിയായ അൻസാരിയെ (35) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസിെൻറ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ. അൻസാരിയെ കസ്റ്റഡിയിലെടുത്ത വിവരങ്ങൾ ജനറൽ ഡയറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ രേഖപ്പെടുത്തിയില്ലെന്ന് കണ്ടെത്തി. നാട്ടുകാർ കൈമാറിയ പ്രതിയെ മൂന്നുമണിക്കൂർ കഴിഞ്ഞിട്ടും മെഡിക്കൽ പരിശോധനക്ക് വിധേയമാക്കാത്തതും ഗുരുതര വീഴ്ചയാണ്. ഇതിെൻറ ഭാഗമായി ജി.ഡി ചാർജുകാരനായ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെയും സുരക്ഷാചുമതലയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം.
നിരവധി കേസുകളിൽ പ്രതിയായ അൻസാരിയെ ഞായറാഴ്ചയാണ് കിഴക്കേകോട്ടയിലെ മൊബൈൽ കടയിൽ മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയത്. തുടർന്ന് അതുവഴി എത്തിയ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കാതെ വളപ്പിലുള്ള ശിശുസൗഹൃദ കേന്ദ്രത്തിലാണ് അൻസാരിയെ മാറ്റിയത്.
സ്റ്റേഷനിലെത്തിച്ച ശേഷം അൻസാരി രണ്ടുതവണ ശുചിമുറിയിലേക്ക് പോയതായി കൂടെയുണ്ടായിരുന്നവർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കോവിഡ് ഭീഷണി കാരണം പൊലീസുകാർ ഇവിടെ ഉണ്ടായിരുന്നില്ല. മൂന്നാംതവണ ശുചിമുറിയിൽ പോയശേഷം 20 മിനിറ്റ് കഴിഞ്ഞും കാണാതായപ്പോഴാണ് ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറിപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്.