ചേരിപ്പോരിൽ വിജയം നേടാനാകാതെ പിന്മടക്കം; കാനത്തിന് കൊടി കൈമാറി കെ.ഇ. ഇസ്മായിൽ കെ.പി.എ.സിയുടെ പടിയിറങ്ങി
text_fieldsകായംകുളത്തെ കെ.പി.എ.സി കാര്യാലയം
കായംകുളം: 'നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി' നാടകത്തിന്റെ ക്ലൈമാക്സ് പോലെ, കെ.ഇ. ഇസ്മായിൽ കെ.പി.എ.സിയുടെയും പടി ഇറങ്ങിയത് കാനം രാേജന്ദ്രന് കൊടി കൈമാറിയശേഷം. നാടകത്തിൽ ഉയർന്ന ജാതിക്കാരനായ പരമുപിള്ള കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി കൊടി ഏറ്റുവാങ്ങിയെങ്കിൽ ഇസ്മായിലിെൻറ കൊടി കൈമാറ്റത്തിൽ പ്രതിഷേധത്തിന്റെ അലകളുണ്ടെന്നുമാത്രം.
നാടകത്തിലെ രംഗങ്ങൾപോലെ പാർട്ടിക്കുള്ളിൽ നടന്ന ചേരിപ്പോരിൽ വിജയം നേടാനാകാതെയാണ് ഇസ്മായിലിെൻറ പിന്മടക്കം.
ആറ് പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന പാർട്ടിയുടെ നേതൃനിരയിലേക്ക് മടങ്ങിവരാനാവാത്ത തരത്തിലാണ് പ്രായ മാനദണ്ഡത്തിൽ ഇസ്മായിലിനെ ദേശീയ കൗൺസിലിൽനിന്ന് നീക്കിയത്. ഇതിന് പിന്നാലെയാണ് പരോക്ഷമായി വിശ്രമജീവിതം നിർദേശിച്ച പാർട്ടിയോടുള്ള പ്രതിഷേധസൂചകമായി കെ.പി.എ.സിയിൽനിന്നുള്ള രാജി. ഏറെക്കാലമായി നിലനിന്ന വിഭാഗീയതക്ക് ഒടുവിൽ ഒപ്പം നിന്നവരെപ്പോലും സംരക്ഷിക്കാനാകാതെ ഒഴിവാക്കപ്പെട്ടതിലും നിരാശനായിരുന്നു. നാടകസമിതിയിലെ പദവിക്ക് പ്രായപരിധി മാനദണ്ഡമില്ലെന്ന് നേതൃത്വം അറിയിച്ചെങ്കിലും വഴങ്ങാൻ ഇസ്മായിൽ തയാറായില്ലത്രെ. ഇതോടെയാണ് കാനം രാജേന്ദ്രനെ പ്രസിഡന്റായി നിർദേശിക്കുന്നത്. ഒന്നരപ്പതിറ്റാണ്ട് കാലം പ്രസിഡൻറായി പ്രവർത്തിച്ചതിലൂടെ പാർട്ടിയുടെ സാംസ്കാരിക മുഖമായ സ്ഥാപനത്തിന് പുതുജീവൻ നൽകാൻ കഴിഞ്ഞുവെന്ന സംതൃപ്തിയോടെയാണ് ഇസ്മായിലിെൻറ പടിയിറക്കം. തോപ്പിൽ ഭാസിയുടെ നിര്യാണത്തോടെ തകർന്നുപോയ സ്ഥാപനത്തെ സംരക്ഷിക്കുന്നതിൽ നിർണായക ഇടപെടലുകളാണ് ഇദ്ദേഹം നടത്തിയത്. പടലപ്പിണക്കങ്ങളും ചേരിപ്പോരുകളും കെ.പി.എ.സിയെ വല്ലാതെ തളർത്തിയ ഘട്ടത്തിലാണ് ചുമതല ഏറ്റെടുക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ചും കാലികപ്രസക്തമായ പരിഷ്കരണങ്ങളിലൂടെയും പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചു.
അഡ്വ. എ. ഷാജഹാൻ സെക്രട്ടറിയായ ഭരണസമിതിയിൽ കെ. പ്രകാശ് ബാബു, ടി.വി. ബാലൻ, വള്ളിക്കാവ് മോഹൻദാസ്, എൻ. സുകുമാരപിള്ള തുടങ്ങിയവരായിരുന്നു അംഗങ്ങൾ. ഇതിലും മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. പാർട്ടി സെക്രട്ടറി തന്നെ അമരക്കാരനായി എത്തുന്നതിലൂടെ സംഭവിക്കുന്ന പരിഷ്കാരങ്ങളും മാറ്റങ്ങളുമാണ് അണികളും ഉറ്റുനോക്കുന്നത്.