അധ്യാപകന്റെ കൈവെട്ടിയ കേസ്: സവാദിനെ തിരിച്ചറിയൽ പരേഡിനു ശേഷം കസ്റ്റഡിയിൽ വാങ്ങും
text_fieldsഅധ്യാപകന്റെ കൈ വെട്ടിയ കേസിൽ കണ്ണൂരിൽ നിന്ന് പിടിയിലായ ഒന്നാംപ്രതി സവാദിനെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ
കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിനെ തിരിച്ചറിയൽ പരേഡിനുശേഷം കസ്റ്റഡിയിൽ വാങ്ങാൻ എൻ.ഐ.എ. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 24 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
കേസിലെ ഗൂഢാലോചന കണ്ടെത്താനും ഇത്രയുംനാൾ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരാണെന്ന് അറിയാനും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിയെ എൻ.ഐ.എ അറിയിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണും ഒരു സിം കാർഡും പിടികൂടിയിട്ടുണ്ട്.
2010 ജൂലൈ നാലിനാണ് പ്രഫ. ടി.ജെ. ജോസഫിനെ ഓമ്നി വാനിലെത്തിയ ആറംഗസംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. പ്രഫസറുടെ കൈവെട്ടിയത് സവാദാണെന്ന കണ്ടെത്തലിനെത്തുടർന്ന് ഇയാളെ ഒന്നാം പ്രതിയാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പിന്നീട് പലപ്പോഴായി കേസിലെ മുഴുവൻ പ്രതികളും പിടിയിലായെങ്കിലും സവാദിനെ മാത്രം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അന്വേഷണം ഏറക്കുറെ നിലച്ച ഘട്ടത്തിലാണ് പ്രതി ഇപ്പോൾ പിടിയിലായത്. ഇനി സവാദിന് മാത്രമായി കേസ് മൂന്നാംഘട്ട വിചാരണ നടത്തേണ്ടിവരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

