കൈവെട്ട് കേസ് രണ്ടാംഘട്ട വിചാരണ തുടങ്ങി; പ്രഫ. ജോസഫിെൻറ മകനെ വിസ്തരിച്ചു
text_fieldsകൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ. ജോസഫിെൻറ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചു. ജോസഫിെൻറ മകൻ മിഥുെൻറ സാക്ഷി വിസ്താരത്തോടെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ വിചാരണക്ക് തുടക്കമായത്. സാക്ഷിപ്പട്ടികയിൽ നാലാം സാക്ഷിയായ മിഥുനെ രണ്ടാംഘട്ടത്തിൽ ഒന്നാം സാക്ഷിയായാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.
ആദ്യഘട്ട വിചാരണക്കുശേഷം മരണപ്പെട്ട ജോസഫിെൻറ ഭാര്യ സലോമിയുടെ ആദ്യ മൊഴികൾ രണ്ടാംഘട്ട വിചാരണയിലും അതേപടി പരിഗണിക്കാനുള്ള ഹരജിയും പ്രോസിക്യൂട്ടർ പി.ജി. മനു കോടതിയിൽ സമർപ്പിച്ചു. മിഥുെൻറ വിസ്താരം തിങ്കളാഴ്ച തന്നെ പൂർത്തിയായി. എൻ.ഐ.എ കോടതി ജഡ്ജി അനിൽ എസ്. ഭാസ്കറാണ് 11 പ്രതികളെ വിചാരണ ചെയ്യുന്നത്. ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി സവാദ് ഒഴികെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി.
എം.കെ. നാസർ, ഷെഫീഖ്, നജീബ്, സജിൽ, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി. സുബൈർ, എം.കെ. നൗഷാദ്, മൻസൂർ, പി.പി. മുഹമ്മദ് കുഞ്ഞ്, പി.എം. അയ്യൂബ് എന്നിവരാണ് വിചാരണ നേരിടുന്നത്.
2010 ജൂലൈ നാലിനാണ് പ്രതികൾ അധ്യാപകെൻറ കൈവെട്ടിയത്. 31 പ്രതികളുള്ള കേസിൽ 13 പേരെ കോടതി നേരേത്ത ശിക്ഷിച്ചിരുന്നു. ആദ്യഘട്ട വിചാരണക്കുശേഷം അറസ്റ്റിലായ പ്രതികളാണ് വിചാരണ നേരിടുന്നത്. വിചാരണ ആഗസ്റ്റ് അഞ്ചിന് തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

