'തൊപ്പി ഗ്യാങ്ങി'നെതിരെ ഹനാൻ ഷാ; കുടുംബത്തെ അധിക്ഷേപിച്ചാൽ കർശന നിയമനടപടി, മുന്നറിയിപ്പ്
text_fieldsകൊച്ചി: പ്രമുഖ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദും സുഹൃത്തുക്കളും ഉൾപ്പെടുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ഗായകൻ ഹനാൻ ഷാ രംഗത്ത്. തൊപ്പിയും കൂട്ടാളികളും ചേർന്ന് തന്റെ കുടുംബത്തെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചുവെന്നാണ് ഹനാൻ ഷായുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ പങ്കുവെക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊപ്പിയുടെ മുൻ സുഹൃത്തുക്കളായ മുഹമ്മദ് (മുമ്മു), ഷമീർ എന്നിവർ യൂട്യൂബറായ തൊപ്പിക്കെതിരെ നിരവധി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഷമീർ നടത്തിയ ഒരു ലൈവ് വീഡിയോയിൽ, ഹനാൻ ഷായുടെ കുടുംബത്തെ തൊപ്പി അധിക്ഷേപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെയാണ് ഹനാൻ ഷാ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
അതേസമയം, തന്റെ കുടുംബത്തെ ലക്ഷ്യം വെച്ചുള്ള അധിക്ഷേപങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും അടങ്ങിയ ലൈവ് വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് നൽകി യൂട്യൂബിൽ നിന്നും ഇതിനകം നീക്കം ചെയ്യിച്ചിട്ടുണ്ടെന്ന് ഹനാൻ ഷാ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. എന്നാൽ ആ വീഡിയോയിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള റീലുകളും, ഷോർട്സുകളും, റിയാക്ഷൻ വീഡിയോകളും ഇപ്പോഴും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർശനമായ നിയമനടപടി ഉണ്ടാകും
ഇത്തരം അപകീർത്തികരമായ ഉള്ളടക്കങ്ങൾ ഇനിയും പങ്കുവെക്കുന്നവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹനാൻ ഷാ വ്യക്തമാക്കി. ഹനാന്റെ വാക്കുകൾ ഇങ്ങനെ: "എന്നെയും എന്റെ കുടുംബത്തെയും ലക്ഷ്യമിട്ട് നടത്തിയ സ്ത്രീവിരുദ്ധവും അപകീർത്തികരവുമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോകൾ ഇനിയും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കനത്ത വില നൽകേണ്ടി വരും. അത്തരം അക്കൗണ്ടുകൾക്കെതിരെ കോപ്പിറൈറ്റ് സ്ട്രൈക്ക്, ടേക്ക്ഡൗൺ നടപടികൾ ഉണ്ടാകും. ഇതിന് പുറമെ വ്യക്തിഹത്യ, സൈബർ ഉപദ്രവം, സ്ത്രീകളെ അപമാനിക്കൽ, സ്വകാര്യതാലംഘനം എന്നിവ മുൻനിർത്തി ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം ശക്തമായ നിയമനടപടികളിലേക്ക് നീങ്ങും."
അതേസമയം, ഇത്തരം വീഡിയോകൾ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിട്ടുള്ളവർ അത് ഉടനടി നീക്കം ചെയ്യണമെന്നും ഹനാൻ ഷാ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലെ ചേരിപ്പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും കുടുംബങ്ങളെ വേട്ടയാടുന്നതിലേക്കും നീങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

