ഹാമർ അപകടം: വിദ്യാർഥിയുടെ നില അതീവ ഗുരുതരം
text_fieldsആർപ്പൂക്കര: പാലായിൽ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽവീണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫിൽ ജോൺസണിെൻറ (16) നില അതീവ ഗുരുതരമായി തുടരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ജിവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നത്.വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം.
ഹാമർ ത്രോ മത്സരം നടക്കുന്നതിെൻറ സമീപം തന്നെയായിരുന്നു പെൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരവും. എറിഞ്ഞ ജാവലിൻ എടുത്ത് തിരികെ നൽകുന്നതിനായി കോർട്ടിലിറങ്ങിയപ്പോഴാണ് അഫിലിെൻറ തലയിൽ ഹാമർ വന്ന് വീണ് ഗുരുതര പരിക്കേറ്റത്.
സംഭവം അന്വേഷിക്കാനായി കായിക വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. കേരള സര്‍വകലാശാല കായിക പഠന വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ.കെ. വേണു, സായ്യില്നിന്ന് വിരമിച്ച അത്ലറ്റിക് കോച്ച് എം.ബി. സത്യാനന്ദൻ, ബാഡ്മിൻറണ്‍ താരവുമായ വി. ഡിജു എന്നിവരാണ് സമിതി അംഗങ്ങൾ.
സംഘാടകർക്ക് വീഴ്ച
കോട്ടയം: ഹാമർ തലയിൽ പതിച്ച് അഫീൽ ജോൺസണ് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പാലാ ആർ.ഡി.ഒ സമർപ്പിച്ച റിപ്പോർട്ട് കായിക മന്ത്രി ഇ.പി ജയരാജൻ, സ്പോർട്സ് ഡയറക്ടർ സജ്ഞയൻ കുമാർ എന്നിവർക്ക് കൈമാറിയതായി കോട്ടയം ജില്ല കലക്ടർ പി.കെ. സുധീർബാബു അറിയിച്ചു. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ആർ.ഡി.ഒ അനിൽ ഉമ്മനെ ചുമതലപ്പെടുത്തിയിരുന്നു. ശനിയാഴ്ച പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ പരിശോധന നടത്തിയ ശേഷമാണ് ആർ.ഡി.ഒ റിപ്പോർട്ട് സമർപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ സംഘാടകരുടെ വീഴ്ചയും ജാഗ്രതക്കുറവും കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.
എന്നാൽ, പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ആരുടെയും േപരെടുത്ത് പരാമർശമില്ല. ഇരയായ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസണിെൻറ ആരോഗ്യസ്ഥിതി മോശമാണെന്നും കുടുംബപശ്ചാത്തലവും സാമ്പത്തികസ്ഥിതിയും പ്രതിപാദിച്ചിട്ടുണ്ട്.
സംഘാടകർ സുരക്ഷ മാനദണ്ഡം പാലിച്ചില്ലെന്നാണ് കണ്ടെത്തൽ. മത്സരം നടത്താൻ ആവശ്യമായ സുരക്ഷയൊരുക്കിയില്ല. സ്േറ്റഡിയത്തിെൻറ ഒരേ ഭാഗത്ത് ഒരേ സമയത്താണ് ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾ നടന്നത്. ഇവ പതിക്കുന്നത് ഒരിടത്തായതും അപകട കാരണമായി.
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് പാലാ സ്റ്റേഡിയത്തിൽ നടത്തുന്ന വിവരം ബന്ധപ്പെട്ടവർ അറിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അശ്രദ്ധമായി മീറ്റ് നടത്തിയതിന് അത്ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ആരംഭിച്ച മീറ്റിലെ മത്സരങ്ങൾ ദാരുണ അപകടത്തെത്തുടർന്ന് മാറ്റിവെച്ചു.
അഫീൽ; കാൽപന്തുകളിയുടെ ഭാവി വാഗ്ദാനം
ആർപ്പൂക്കര: കായിക താൽപര്യം മൂലമാണ് അഫിൽ പ്ലസ് വൺ കോഴ്സിന് പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നത്. കേരള ബ്ലാസ്റ്റേഴ്സിെൻറ സ്കോർ ലൈൻ അക്കാദമിയിലേക്ക് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 വയസ്സിന് താഴെ വിഭാഗത്തിലേക്കായിരുന്നു പ്രവേശനം. കേരള ബ്ലാസ്റ്റേഴ്സ് സ്കോർ ലൈൻ സ്പോർട്സും പാലാ സ്പോർട്സ് ആൻഡ് വെൽഫെയർ അസോസിയേഷനും ചേർന്ന് മുപ്പതിലധികം വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഇതിൽ രണ്ടുപേർക്ക് സ്കോർ ലൈൻ സ്പോർട്സ് അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ചതിൽ ഒരാൾ അഫിലാണ്.
പഠനത്തിലും മികവ് പുലർത്തിയിരുന്നു. സി.ബി.എസ്.സിയിൽ 80 ശതമാനം മാർക്കോടെയാണ് പത്താംക്ലാസ് പാസായത്. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് കൃഷിക്കാരനായ ജോൺസൺ ജോർജിെൻറ ഏക മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
