Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംശുദ്ധ...

സംശുദ്ധ രാഷ്ട്രീയത്തിന്‍െറ വടക്കന്‍ മുഖം

text_fields
bookmark_border
സംശുദ്ധ രാഷ്ട്രീയത്തിന്‍െറ വടക്കന്‍ മുഖം
cancel

 

കാസര്‍കോട്: സംശുദ്ധ രാഷ്ട്രീയത്തിന്‍െറ വടക്കന്‍ മുഖമാണ് ഹമീദലി ശംനാട്. ഒരിക്കല്‍ കയറ്റിയിരുത്തിയ സ്ഥാനങ്ങളില്‍നിന്ന് പിന്നീട് ഇറങ്ങിവരാത്ത സമകാലിക രാഷ്ട്രീയക്കാരില്‍നിന്ന് ഏറെ വ്യത്യസ്തനായിരുന്നു ശംനാട് സാഹിബ് എന്ന് മാത്രം അറിയപ്പെടുന്ന അദ്ദേഹം. മുസ്ലിംലീഗിന്‍െറ സംസ്ഥാന ജനറല്‍ സെക്രട്ടറി, രാജ്യസഭാംഗം എന്നീ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം ലീഗിന് എക്കാലത്തും ജയിക്കാവുന്ന ഉറച്ച സീറ്റ് തന്‍െറ വീടിനു ചുറ്റും ഉണ്ടായിരുന്നിട്ടും അധികാരത്തെ തന്നോട് ചേര്‍ത്തുവെച്ചില്ല. ഒന്ന് ഉറച്ച് സംസാരിച്ചാല്‍ ലീഗ് യോഗത്തില്‍ അദ്ദേഹത്തിന്‍െറ വാക്കുകളെ നേരിടാന്‍ ആളുണ്ടായിരുന്നില്ല.
അധികാരത്തിന്‍െറ സമസ്ത മേഖലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും അഴിമതി ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത അപൂര്‍വം നേതാക്കളില്‍ ഒരാളാണ് ഹമീദലി ശംനാട്.
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പിതാവ് മുഹമ്മദ് ശംനാട് നല്‍കിയ പഴക്കമേറിയ തറവാട്ടു വീട്ടിലാണ് ജീവിതാവസാനം വരെ അദ്ദേഹം താമസിച്ചത്. രാജ്യസഭയില്‍നിന്നും നിയമസഭയില്‍ നിന്നും ലഭിക്കുന്ന പെന്‍ഷനാണ് ജീവിതമാര്‍ഗം. അധികാരം ഉപയോഗിച്ച് തന്‍െറ വീട്ടിലേക്ക് ഒരു കസേര പോലും വാങ്ങിയിട്ടില്ളെന്ന് അദ്ദേഹത്തിന് പറയാം. തനിക്ക് മാര്‍ഗദര്‍ശനം നല്‍കിയത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും അദ്ദേഹം കാണിച്ച വഴിയുമാണെന്ന് ഏതു അഭിമുഖക്കാരുടെ മുന്നിലും തുറന്നുപറയും.
അവസാനകാലം വന്നുപെട്ട ഓര്‍മപ്പിശകിലും തന്‍െറ ചരിത്ര വിജയത്തിന്‍െറ സ്മരണകള്‍ ജീവിതാന്ത്യം വരെ ആമന്ത്രണം ചെയ്തു. മണ്ഡലം രൂപവത്കരണകാലം മുതല്‍ ചെങ്കൊടിമാത്രം പുതച്ച നാദാപുരം നിയമസഭാ മണ്ഡലത്തില്‍ ഹമീദലി ശംനാടിന്‍െറ കൈയൊപ്പ് പതിഞ്ഞത് ഈ സ്വഭാവ, ജീവിത സവിശേഷതകള്‍ മൂലമായിരുന്നു.
തോല്‍ക്കുമെന്ന് ഉറപ്പിച്ച സീറ്റിലേക്ക് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ അയച്ചപ്പോള്‍ പാര്‍ട്ടി തിരിച്ചറിയാത്ത ശംനാടിനെ മണ്ഡലം തിരിച്ചറിയുകയായിരുന്നു. വിമോചന സമരത്തെ തുടര്‍ന്ന് ഇ.എം.എസ് മന്ത്രിസഭ രാജിവെച്ചതിനെ തുടര്‍ന്ന് 1960ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരം ശംനാട് നാദാപുരത്ത് മത്സരിക്കാന്‍ തയാറായത്.
 മലയാളത്തില്‍ ശരിക്ക് പ്രസംഗിക്കാന്‍ പോലും അറിയാത്ത ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ പരാജയം ഉറപ്പിച്ച സ്ഥാനാര്‍ഥിയുടെ പരിവേഷമായിരുന്നു.
സി.എച്ച്. കണാരനെ തേല്‍പ്പിച്ചതിലൂടെ അഞ്ചുവര്‍ഷം നാദാപുരത്തിന്‍െറ കമ്യൂണിസ്റ്റിതര എം.എല്‍.എ ആയി ശംനാട് ചരിത്രത്തില്‍ ഇടം നേടി.
1967ലെ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കര്‍ണാടക സമിതിയിലെ യു.പി. കുനിക്കുല്ലായയോട് ഏറ്റുമുട്ടി 95 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1970 മുതല്‍ ’79 വരെ രണ്ടുതവണ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, എ.ബി. വാജ്പേയ്, എല്‍.കെ. അദ്വാനി, ഇബ്രാഹീം സുലൈമാന്‍ സേട്ട്, സി.എച്ച്. മുഹമ്മദ് കോയ, എ.കെ. രിഫായി, ജി.എം. ബനാത്ത്വാല എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച വലിയ അനുഭവ സമ്പത്ത് ശംനാടിനുണ്ട്.
ദേശീയ, അന്തര്‍ദേശീയ കാര്യങ്ങള്‍ വിശകലനം ചെയ്യാനും വിവരിക്കാനും അഗാധമായ പാണ്ഡിത്യം ശംനാടിനുണ്ടായിരുന്നു. വടക്കന്‍ കേരളത്തില്‍നിന്ന് സംശുദ്ധരാഷ്ട്രീയത്തിന്‍െറ ജീവിത മാതൃകയായി ശംനാട് അറിയപ്പെടും.

Show Full Article
TAGS:hameedali shamnad 
News Summary - hameed ali shamnad
Next Story