പാതിവില തട്ടിപ്പ്: പൊലീസിന് വൻ വീഴ്ച; ആദ്യ പരാതികൾ അവഗണിച്ചു
text_fieldsതൊടുപുഴ: പാതിവില തട്ടിപ്പ് സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. നാലുമാസം മുമ്പ് പരാതി ലഭിച്ചിട്ടും ശക്തമായ അന്വേഷണം നടത്താനോ പ്രതിയുടെ ഇടപാടുകൾ നിരീക്ഷിക്കാനോ പൊലീസിന് സാധിച്ചില്ല. 2024 ഒക്ടോബറിലാണ് മൂവാറ്റുപുഴ പായിപ്ര സ്വദേശിനി തട്ടിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവാറ്റുപുഴ പൊലീസ് അനന്തുകൃഷ്ണന്റെ 3.5 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
ഇതല്ലാതെ മറ്റ് നടപടികൾ ഒന്നും ഉണ്ടായില്ല. ഈ സമയത്ത് വിശദ അന്വേഷണം നടന്നിരുന്നെങ്കിൽ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുമായിരുന്നു. പൊലീസിന്റെ മെല്ലെപ്പോക്ക് രേഖകൾ മാറ്റുന്നതിനും തട്ടിപ്പിന് ഇരകളായവരെ സ്വാധീനിക്കാനും പ്രതിക്ക് സഹായകമായി.
അനന്തുകൃഷ്ണന്റെ അക്കൗണ്ട് മരവിപ്പിച്ചത് ഒഴിവാക്കാൻ ഉന്നത ഇടപെടലുകളും ഉണ്ടായിരുന്നു. എന്നാൽ, മൂവാറ്റുപുഴയിൽതന്നെ കൂടുതൽ പരാതികൾ വന്നതോടെയാണ് പൊലീസ് അറസ്റ്റിലേക്കെത്തിയത്. നേരത്തേതന്നെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ അനന്തുകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി ഉന്നത നേതാക്കളുമായി വേദി പങ്കിട്ടതിലും പൊലീസിന് വീഴ്ചവന്നു. നിരന്തര തട്ടിപ്പുകാരനാണെന്ന് വ്യക്തമായിട്ടും ഉന്നത നേതാക്കളുമായി വേദി പങ്കിടുന്നത് തടയാൻ രഹസ്യാന്വേഷണ വിഭാഗത്തിനും കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

