പകുതി വില തട്ടിപ്പ്: സ്കൂട്ടർ വാഗ്ദാനം നൽകി പറ്റിച്ചെന്ന്; കോഴിക്കോട്ട് ഒരു കേസുകൂടി
text_fieldsഅനന്തുകൃഷ്ണൻ
കോഴിക്കോട്: സ്‌കൂട്ടറും ലാപ്‌ടോപ്പും മൊബൈൽ ഫോണും പകുതി വിലക്ക് നൽകാമെന്നേറ്റ് കോടികൾ തട്ടിപ്പുനടത്തിയെന്ന പരാതിയിൽ കോഴിക്കോട്ട് ഒരു കേസുകൂടി. 421 ഗുണഭോക്താക്കളിൽനിന്നായി 2,16,45,745 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടക്കാവ് പൊലീസ് തൊടുപുഴ ചൂരക്കുളങ്ങര സ്വദേശി അനന്തുകൃഷ്ണനെതിരെ കേസെടുത്തത്. നഗരത്തിലെ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.
നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ സെക്രട്ടറി ആനന്ദ്കുമാർ, ഗ്രാസ്‌റൂട്ട് ഇംപാക്ട് ഫൗണ്ടേഷൻ സി.ഇ.ഒ അനന്തുകൃഷ്ണ, നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ ആക്ടിങ് ചെയർപേഴ്‌സൻ ഡോ. ബീന സെബാസ്റ്റ്യൻ, നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ ഡയറക്ടർ ഡോ. ഷീബ സുരേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി. കഴിഞ്ഞ ഒക്‌ടോബർ ഒമ്പത് മുതൽ നവംബർ 12 വരെ കാലം പണം വാങ്ങിയശേഷം സ്‌കൂട്ടറടക്കം വാഗ്ദാനം ചെയ്തവയൊന്നും നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
72,58,300 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ചൊവ്വാഴ്ച നടക്കാവ് പൊലീസ് ആദ്യ കേസെടുത്തത്. ബിലാത്തികുളം ഹൗസിങ് കോളനിക്ക് സമീപത്തെ അവെയർ എന്ന സൊസൈറ്റിയുടെ പ്രോജക്ട് മാനേജറുടെ പരാതിയിലാണ് കേസ്. 50 ശതമാനം സബ്‌സിഡി നിരക്കിൽ സ്‌കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 2023 മാർച്ച് ഒന്നു മുതൽ കഴിഞ്ഞ വർഷം ഡിസംബർ 31 വരെയുള്ള കാലയളവിൽ 72,58,300 രൂപ അക്കൗണ്ട് വഴി കൈപ്പറ്റി വഞ്ചിച്ചതായാണ് പരാതി. പകുതി വിലക്ക് സ്‌കൂട്ടർ, തയ്യൽ മെഷീൻ, ലാപ്‌ടോപ്, തുടങ്ങിയവ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി തട്ടിപ്പു നടത്തിയെന്നാണ് പരാതികളുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

