അന്ന് കോഴിക്കോട് പ്രസംഗിച്ചത് പാരയാകും; തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം പൊളിയുന്നു
text_fieldsതിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിലെ നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷനുമായി ബന്ധമില്ലെന്ന ആനന്ദകുമാറിന്‍റെ വാദം പൊളിയുന്ന 2023ലെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. 2023ൽ കോഴിക്കോട് നടന്ന ലാപ്ടോപ് വിതരണ ചടങ്ങിനിടെയാണ്, സത്യസായി ട്രസ്റ്റിന്റെ 25ാം വാർഷികത്തിലാണ് നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ രൂപവത്കരിച്ചതെന്ന് ആനന്ദകുമാർ പ്രസംഗത്തിൽ പറയുന്നു. കേസിലെ ഒന്നാം പ്രതി അനന്തുകൃഷ്ണൻ ഈ പരിപാടിയിൽ മുഖ്യാഥിതിയായിരുന്നു.
‘സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള 30 വർഷം മുമ്പ് അഞ്ച് അനാഥ കുട്ടികളേയുംകൊണ്ട് തുടങ്ങിയ പ്രസ്ഥാനമാണ്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ ആണ് സത്യസായി ട്രസ്റ്റ്. 126 സ്ഥാപനങ്ങൾ, ഇരുന്നൂറിലധികം പ്രോജക്ടുകൾ, ശമ്പളംപറ്റുന്ന 465 ജീവനക്കാർ. ഇങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത കാര്യങ്ങളുമായി മുന്നോട്ടുപോകുമ്പോൾ, ഇന്ത്യയിലെ നാലാമത്തെ വലിയ എൻ.ജി.ഒയും കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയുമാണ് സായ്ഗ്രാം. ഇതിന്റെ നേതൃത്വത്തിലാണ് നാഷനൽ എൻ.ജി.ഒ കോൺഫഡറേഷൻ എന്ന സംഘടന രൂപവത്കരിക്കുന്നത്. 2023 അവസാനിക്കുമ്പോഴേക്കും കേരളത്തിലെ ചെറിയ എൻ.ജി.ഒകളെ കൂട്ടിയോജിപ്പിച്ച് ഒരു വലിയ സംഘടനയായി മാറുകയെന്നതാണ് ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യം’ -ആനന്ദകുമാർ പ്രസംഗത്തിൽ പറയുന്നു.
ആനന്ദകുമാറിന്‍റെ മുന്‍കൂര്‍ ജാമ്യഹരജി വീണ്ടും മാറ്റി
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്‍റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനാലാണ് തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി കേസ് 27ലേക്ക് മാറ്റിയത്.
പൊലീസ് അനാസ്ഥ കാരണം ഇത് രണ്ടാം തവണയാണ് വാദംകേൾക്കാതെ ഹരജി മാറ്റുന്നത്. കഴിഞ്ഞ13ന് പരിഗണിച്ച ഹരജിയിൽ തനിക്ക് സാമ്പത്തിക ഇടപാടുകളിൽ പങ്കില്ലെന്ന് ആനന്ദകുമാർ വാദിച്ചിരുന്നു. ഒന്നാംപ്രതി അനന്തുകൃഷ്ണയെ കുറ്റപ്പെടുത്തിയും എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് താൻ രാജിവെച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ആനന്ദകുമാർ ജാമ്യാപേക്ഷ നൽകിയത്.
വാദംകേട്ട കോടതി, വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ച് വിധി പറയാൻ ചൊവ്വാഴ്ചയിലേക്ക് മാറ്റിയതായിരുന്നു. എന്നാൽ, ഇന്നലെയും പ്രോസിക്യൂഷൻ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ വാദം കേൾക്കാതെ ഹരജി മാറ്റി.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയാണ് ആനനന്ദ കുമാര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.