പാതിവില തട്ടിപ്പ്; സായിഗ്രാമം സംശയനിഴലിൽ
text_fieldsകെ.എൻ ആനന്ദകുമാർ
തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ കെ.എൻ. ആനന്ദകുമാർ എക്സിക്യൂട്ടിവ് ഡയറക്ടറായ എൻ.ജി.ഒ സായിഗ്രാമവും സംശയനിഴലിൽ. സായിഗ്രാമത്തിലേക്ക് ലഭിക്കുന്ന സാമൂഹിക പ്രതിബദ്ധതാഫണ്ടിൽ (സി.എസ്.ആർ) അധികംവരുന്ന തുക നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷനിലേക്ക് മാറ്റാമെന്ന വാഗ്ദാനത്തിലാണ് തട്ടിപ്പ് കൂട്ടായ്മയുടെ തുടക്കം. സംഭാവനയായി നൽകിയ രണ്ട് കോടി കൂടാതെ മാസംതോറും പത്ത് ലക്ഷം രൂപ വീതവും സായിഗ്രാമിന് നൽകിയതായി കണ്ടെത്തി.
ഇന്ത്യയിലെ നാലാമത്തെ വലിയ എൻ.ജി.ഒയും കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയുമെന്ന അവകാശവാദത്തോടെ സത്യസായി ട്രസ്റ്റിന്റെ 25ാം വാർഷികത്തിൽ സായിഗ്രാമത്തിന്റെ നേതൃത്വത്തിലാണ് നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ രൂപവത്കരിച്ചത്. കേരളത്തിലെ ചെറിയ എൻ.ജി.ഒകളെ കൂട്ടിയോജിപ്പിച്ച് വലിയ സംഘടനയാവുകയെന്ന ലക്ഷ്യത്തോടെ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായാണ് പ്രവർത്തനം. സായിഗ്രാമത്തിന് ലഭിക്കുന്ന സി.എസ്.ആർ ഫണ്ടുപയോഗിച്ച് പാതിവില ധനസഹായത്തോടെ സ്കൂട്ടർ ഉൾപ്പെടെ നൽകാമെന്നായിരുന്നു വാഗ്ദാനം.
തലസ്ഥാനത്ത് നടന്ന പരിശോധനയിൽ സായിഗ്രാമം ഓഫിസും ഉൾപ്പെട്ടിരുന്നു. റെയ്ഡ് നടത്തിയ 12 കേന്ദ്രങ്ങളിൽ നിന്നായി ഒട്ടേറെ രേഖകൾ ഇ.ഡി കസ്റ്റഡിയിലെടുത്തു. ചിലയിടങ്ങളിൽനിന്ന് റെയ്ഡിനുമുമ്പ് രേഖകളും ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചശേഷമേ ഇവ ഇ.ഡിക്ക് ലഭിക്കൂ.
കണ്ണൂരിൽ രജിസ്റ്റർചെയ്ത കേസിൽ രണ്ടാംപ്രതിയായ ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യഹരജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ആനന്ദകുമാറിന്റെ പങ്കാളിത്തം സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനാലാണ് ഹരജി തീർപ്പാകാത്തത്. പൊലീസ് വീഴ്ചകാരണം ആനന്ദകുമാറിനെ ഇതുവരെ ചോദ്യംചെയ്യാനും സാധിച്ചിട്ടില്ല. ഇതിനിടെ, ആനന്ദകുമാറിനെയും കോൺഗ്രസ് നേതാവും നിയമോപദേശകയുമായ അഡ്വ. ലാലി വിൻസന്റിനെയും നോട്ടീസ് നൽകി വിളിപ്പിക്കാനാണ് ഇ.ഡി തീരുമാനം. ഇരുവരും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കേണ്ടിവരും. ലാലിയുടെ എറണാകുളത്തെ ഓഫിസിലും ഇ.ഡി പരിശോധന നടത്തി. അനന്തുകൃഷ്ണനിൽനിന്ന് 45 ലക്ഷംരൂപ വക്കീൽ ഫീസായി വാങ്ങിയത് ലാലി സമ്മതിച്ചിട്ടുണ്ട്. അനന്തുകൃഷ്ണന്റെ ഓഫിസ്, വീട് എന്നിവിടങ്ങളിൽനിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചശേഷം അനന്തുകൃഷ്ണനെയും ഇ.ഡി കസ്റ്റിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

