പാതിവില തട്ടിപ്പ്; ആനന്ദകുമാറിനെതിരെ കുരുക്ക് മുറുകുന്നു
text_fieldsതിരുവനന്തപുരം: ഇ.ഡിയുടെ ഇടപെടലോടെ, പാതിവില തട്ടിപ്പിന്റെ സൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന എൻ.ജി.ഒ കോൺഫെഡറേഷൻ മുൻ ചെയർമാനും സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാനുമായ കെ.എൻ. ആനന്ദകുമാറിനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തയാറാകുന്നു. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലായതിനാലാണ് ചോദ്യംചെയ്യാൻ വിളിപ്പിക്കാത്തതെന്നാണ് വിശദീകരണം. 27ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ചോദ്യംചെയ്യാൻ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
എന്നാൽ, ആരോപണവിധേയനായ ആനന്ദകുമാർ എവിടെയാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ചികിത്സയിലാണെന്നും ഒളിവിലാണെന്നും അഭ്യൂഹമുണ്ട്. ഇതിനിടെയാണ് കഴിഞ്ഞദിവസം കേന്ദ്ര ഏജൻസി നേരിട്ടെത്തി അദ്ദേഹത്തിന്റെ ഓഫിസും വീടും അനുബന്ധസ്ഥാപനങ്ങളും പരിശോധിച്ച് രേഖകൾ പിടിച്ചെടുത്തത്. ആനന്ദകുമാറിനെ രണ്ടാം പ്രതിയാക്കി കണ്ണൂർ പൊലീസ് കേസെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ചോ ലോക്കൽ പൊലീസോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ തെളിവ് ശേഖരിക്കാനോ തയാറായിരുന്നില്ല. ഇതിനിടെയാണ് ഇ.ഡിയുടെ വരവ്.
ആനന്ദകുമാറിന് രണ്ടുകോടി രൂപ കൈമാറിയെന്നും തട്ടിപ്പിന്റെ സൂത്രധാരൻ അദ്ദേഹമാണെന്നും മുഖ്യപ്രതി അനന്തുകൃഷ്ണൻ ക്രൈംബ്രാഞ്ചിനും പൊലീസിനും മൊഴി നൽകിയിട്ടുണ്ട്. ആനന്ദകുമാറുമായുള്ള അടുപ്പത്തിന്റെ പേരിലാണ് പല പ്രമുഖരും ഈ പദ്ധതിയുമായി സഹകരിച്ചതെന്നും മൊഴിയുണ്ട്. സ്കൂട്ടർ വിതരണമുൾപ്പെടെ പ്രധാന തട്ടിപ്പുകളിൽ ആനന്ദകുമാറിന്റെ പങ്കാളിത്തം തെളിയുന്ന ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
ആനന്ദകുമാർ ആജീവനാന്ത ചെയർമാനായി രൂപവത്കരിച്ച കോൺഫെഡറേഷന്റെ ബൈലോയിൽ, സ്കൂട്ടറും തയ്യൽമെഷീനും മറ്റും പകുതി വിലക്ക് നൽകണമെന്നും വിതരണച്ചുമതല അനന്തുകൃഷ്ണനാണെന്നും വ്യക്തമാക്കുന്നുണ്ട്. ബൈലോ പൊലീസ് കണ്ടെടുത്തതോടെയാണ് ആനന്ദകുമാർ വെട്ടിലായത്. താൻ ചെയർമാൻ സ്ഥാനം രാജിവെച്ചെന്നായിരുന്നു തട്ടിപ്പ് പുറത്തുവന്നപ്പോൾ അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. തനിക്ക് സാമ്പത്തിക നേട്ടമൊന്നുമുണ്ടായിട്ടില്ലെന്ന വാദം പൊളിയുന്ന രേഖകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. അതേസമയം, ഇ.ഡി കണ്ടെത്തിയ രേഖകൾ ലഭിക്കണമെങ്കിൽ കോടതിയെ സമീപിക്കേണ്ടിവരുമെന്നതും ക്രൈംബ്രാഞ്ചിന് മുന്നിലെ വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

