കൊച്ചി: ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ബീഡിക്കുറ്റിയും ഹാൻസും കണ്ടെത്തിയ സാഹചര്യത്തിൽ സപ്ലൈകോ ശർക്കര ലോഡുകൾ ലാബുകളിൽ പരിശോധന നടത്തി. ഇതിൽ പകുതി സാമ്പിളുകൾക്കും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി സപ്ലൈകോ സി.എം.ഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു.
500 ലോഡ് ശർക്കരയിൽ സംശയം തോന്നിയ 71 ലോഡിൻെറ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 35 എണ്ണത്തിനും ഗുണനിലവാരം കുറവാണെന്നാണ് കണ്ടെത്തൽ. എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളിലാണ് ഇവ പരിശോധനാവിധേയമാക്കിയത്. 36 സാമ്പിളുകൾ മാത്രമാണ് ഗുണനിലവാരം പുലർത്തുന്നതായി തെളിഞ്ഞത്. ഗുണനിലവാരമില്ലാത്ത ശർക്കര ലോഡുകൾ ഡിപ്പോ മാനേജർമാർ തിരിച്ചയച്ചതായും എം.ഡി അറിയിച്ചു.
റേഷന്‍കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത പല്ലിയും ബീഡിക്കുറ്റിയും ഹാൻസും കണ്ടെത്തിയിരുന്നു. തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നാണ് സര്‍ക്കാര്‍ ഓണക്കിറ്റിലേക്കുള്ള ശര്‍ക്കര വാങ്ങിയത്.