ഇതാ ഇരുണ്ട കാലം! ഇന്നുമുതൽ അര മണിക്കൂർ ലോഡ് ഷെഡിങ്
text_fieldsതിരുവനന്തപുരം: അപ്രഖ്യാപിത പവർകട്ടും പീക്ക് ലോഡ് മാനേജ്മെന്‍റും കടന്ന് സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് ആറുമണിക്കും 12 മണിക്കും ഇടയിലായിരിക്കും നിയന്ത്രണം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാലാണ് നിയന്ത്രണമെന്നാണ് വിശദീകരണം. നിയന്ത്രണമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. ഇന്നുചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചൂടിനൊപ്പം വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതോടെ അപ്രഖ്യാപിത പവര്‍കട്ടും പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന പേരിലുള്ള വൈദ്യുതി നിയന്ത്രണവും കടന്നാണ് കെ.എസ്.ഇ.ബി ലോഡ് ഷെഡിങ് ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചത്.
വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നാൽ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മർദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിരൂക്ഷമായ സ്ഥിതിഗതികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം ആറുമുതൽ രാത്രി 12 വരെയുള്ള സമയത്തിനിടക്ക് 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എഞ്ചിനീയർക്ക് ഉന്നതതല യോഗം അനുമതി നൽകി. സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തും.
വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം കെ.എസ്.ഇ.ബി. അഭ്യർഥിച്ചു. വൈദ്യുതി വാഹന ചാർജിങ് വൈകുന്നേരം ആറു മുതൽ രാത്രി 12 വരെ പൂർണമായി ഒഴിവാക്കി പകൽ സമയത്തേക്ക് ക്രമീകരിക്കണം. നിലവിലെ സാഹചര്യത്തിൽ രാത്രിസമയങ്ങളിൽ എ.സിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ, താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും.
ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിങ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കാം. വൈദ്യുതിയുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിന് എനർജി മാനേജ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
അത്യുഷ്ണത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വർധനയും ലഭ്യതയിലുണ്ടാകുന്ന കുറവും വിലയിരുത്തുന്നതിനും പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്യുന്നതിനുമായിരുന്നു ഉന്നതതലയോഗം വിളിച്ചത്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 27ന് സർവകാല റെക്കോർഡായ 118.26 ദശലക്ഷം യൂനിറ്റിലേക്ക് എത്തി. വൈകുന്നേരം ആറിനു ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത കൂടുകയുണ്ടായെന്നും അധികൃതർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ വിപണിയിൽ വൈദ്യുതിലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആവശ്യകതയുടെ 70 ശതമാനത്തിലേറെയും വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സംസ്ഥാനമെന്ന നിലയിൽ ഇത് പ്രതിസന്ധിയാകുന്നതായി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഉണ്ടായിരുന്ന 200 മെഗാവാട്ടിന്റെ കുറവ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും.
വൈകീട്ട് ആറിന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും എ.സിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത്. എന്നാൽ, രാത്രി 9.30നുശേഷം അർധരാത്രി 12 വരെയുള്ള സമയത്തിനിടെ ചില അവസരങ്ങളിൽ മാത്രമാണ് ഉപയോഗം ക്രമാതീതമായി ഉയരുന്നത്. പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഉത്തരവാദിത്തത്തോടെയുള്ള ഊർജ്ജവിനിയോഗം വഴി ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്നും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

