‘ടെറ്റി’ൽ കുരുങ്ങി അരലക്ഷം അധ്യാപകർ; കേരളം പുനഃപരിശോധന ഹരജിക്ക്
text_fieldsവി. ശിവൻകുട്ടി
തിരുവനന്തപുരം: യോഗ്യത പരീക്ഷയിൽ (ടെറ്റ്) വിജയിക്കാത്ത പതിനായിരക്കണക്കിന് അധ്യാപകർ സർവിസിൽനിന്ന് പുറത്താകാൻ വഴിവെക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹരജി സമർപ്പിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിധിയിൽ പുനഃപരിശോധന ഹരജിയോ വ്യക്തത തേടിയുള്ള ഹരജിയോ ആയിരിക്കും സമർപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് അരലക്ഷം അധ്യാപകരുടെയെങ്കിലും ജോലിക്ക് ഭീഷണി ഉയർത്തുന്നതാണ് വിധിയെന്നും മന്ത്രി പറഞ്ഞു. വിധി വിദ്യാഭ്യാസ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളെയും സങ്കീർണമാക്കും. സുപ്രീംകോടതി പരിശോധിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ നിയമങ്ങളും ചട്ടങ്ങളുമാണ്. ഈ സങ്കീര്‍ണ സാഹചര്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് അഞ്ച് വർഷത്തിൽ താഴെ സർവിസുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിനും ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, നിയമം നിലവിൽവരുന്നതിനു മുമ്പ് ജോലിയിൽ പ്രവേശിച്ചവരടക്കമുള്ള അധ്യാപകർക്ക് ഇത് ബാധകമാക്കിയത് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ മേഖലയിലെ യോഗ്യതയിൽ മാറ്റംവരുത്തുമ്പോൾ നിയമം വരുന്നതിനു മുമ്പുള്ളവർക്ക് സംരക്ഷണം നൽകുകയെന്ന കീഴ്വഴക്കം നടപ്പാക്കാൻ 2009ലെ യു.പി.എ സർക്കാറോ പിന്നീട് വന്ന നരേന്ദ്രമോദി സർക്കാറോ തയാറായില്ല.
എന്നുമാത്രമല്ല സംസ്ഥാനങ്ങളുടെ മേൽ ഉദ്യോഗസ്ഥതല സമ്മർദം ചെലുത്തുകയും ചെയ്തു. ഇന്ത്യയിലൊട്ടാകെ ഈ വിധി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ടെറ്റ് യോഗ്യതയില്ലാത്ത അഞ്ച് വർഷത്തിലധികം സർവിസുള്ളവർ രണ്ട് വർഷത്തിനകം യോഗ്യത നേടിയില്ലെങ്കിൽ നിർബന്ധിത റിട്ടയർമെന്റ് വാങ്ങി അധ്യാപക ജോലി അവസാനിപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ വിധിയിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

