'മോദിയേയും അമിത് ഷായേയും ശത്രുക്കളായി കാണുന്നില്ല'; ഭരണാധികാരികളോട് സഹകരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ തത്വമെന്ന് ഹക്കീം അസ്ഹരി
text_fieldsകോഴിക്കോട്: ഭരണാധികാരികളോട് സഹകരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ തത്വമെന്നും മോദിയേയോ അമിത് ഷാേയയോ ആരേയും ഞങ്ങൾ ശത്രുക്കളായി കാണുന്നില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ മകനും നോളജ് സിറ്റി എം.ഡിയുമായ അബ്ദുൾ ഹക്കീം അസ്ഹരി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
കാന്തപുരത്തോടൊപ്പം ഹക്കീം അസ്ഹരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും സന്ദർശിച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.
'രാഷ്ട്രീയത്തിൽ, വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്ത സമുദായങ്ങൾ ഒറ്റപ്പെടുകയാണെന്ന തോന്നൽ ഉണ്ടാകും. അത്തരം പ്രവണതകളെ ഞങ്ങൾ എപ്പോഴും എതിർത്തിട്ടുണ്ട്. മതം, സംസ്കാരം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയും വിഭജിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തോട് ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാൽ സർക്കാറുകളുമായി ഒരു സഹകരണവും പാടില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല.
ആരെയും ഞങ്ങൾ ശത്രുക്കളായി കണക്കാക്കുന്നില്ല. ഭരണാധികാരികളുമായി സഹകരിക്കുക എന്നതാണ് ഇസ്ലാമിക തത്വം. കേരളത്തിൽ മെട്രോ ഉദ്ഘാടനം ചെയ്യാൻ വരുന്നത് പ്രധാനമന്ത്രിയാണ്. അവിടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം എന്താണ്? ഭരണാധികാരി എല്ലാ ജനങ്ങളുടെയും ഭരണാധികാരിയാണ്'- ഹക്കീം അസ്ഹരി വ്യക്തമാക്കി.
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് സർക്കാറിൽ നിന്ന് കാര്യമായ ഒന്നും ലഭിക്കുന്നില്ലെന്നും കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വകുപ്പും വഖഫ് ബോർഡും ഉദാരമായി ഫണ്ട് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ഭരണത്തിലുണ്ടായിട്ട് മുസ്‌ലിംകൾക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയെ ചേർത്ത് പിടിക്കുന്ന മുസ്‌ലിം ലീഗ് നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് 'സുന്നികൾ വേറിട്ട് നിൽക്കണമെന്നാണ് സമസ്തയുടെ നിലപാട്. കേരള മുസ്‌ലിംകളിൽ ഏകദേശം 90 ശതമാനം പേരും സുന്നികളാണ്. ജമാഅത്ത് പോലുള്ള സംഘടനകളെ വേറിട്ട് നിർത്തണം. അവരെ ഉൾപ്പെടുത്തുന്നത് അപകടകരമാണ്' എന്നായിരുന്നു മറുപടി.
സ്ത്രീകൾ ഭരണ നേതൃത്വത്തിൽ വരുന്നത് ജനസംഖ്യ കുറയുന്ന വാദവും ഹക്കീം അസ്ഹരി മുന്നോട്ടുവെച്ചു.
സ്ത്രീകൾ ഭരണ നേതൃത്വത്തിൽ വന്നാൽ, അവർക്ക് അധിക ചുമതല നൽകിയാൽ എങ്ങനെ പ്രസവം നടക്കുമെന്ന് ചോദിച്ച ഹക്കീം അസ്ഹരി റഷ്യ, ഉത്തര കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ ജനസംഖ്യ കുറയുന്നതിന്റെ പ്രശ്നം നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തമിഴ്‌നാട് ജനത ഒരു വയോജന സമൂഹത്തിലേക്ക് നീങ്ങുകയാണെന്ന് പറയുന്നുണ്ടെന്നും ഇതിൽ ഇസ്ലാം വളരെ മുമ്പുതന്നെ ഈ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധിയെപ്പോലുള്ള അപൂർവ സ്ത്രീകളുണ്ട്. തെങ്ങിൽ കയറാനോ ബുൾഡോസർ ഓടിക്കാനോ കഴിയുന്ന സ്ത്രീകളുണ്ട്. പൊതുനയങ്ങൾ അപൂർവ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ഹക്കീം അസ്ഹരി കൂട്ടിച്ചേർത്തു.
മുസ്‌ലിം പെൺകുട്ടികൾ വിദ്യാഭ്യാസത്തിൽ പുതിയ ഉയരങ്ങൾ താണ്ടിയിട്ടുണ്ടെന്നും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് തടസമായി നിന്നത് മുജാഹിദുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചത് ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമും കുടുംബവുമാണ്. സമസ്തയാണ് ഈ ശ്രമങ്ങൾ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറയുന്നു.
മുസ്‌ലിം സ്ത്രീകളുടെ യാത്രയെ കുറിച്ചും അസ്ഹരി നിലപാട് വ്യക്തമാക്കി. "ഇസ്‌ലാമിൽ യാത്രാ വിലക്കില്ല. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന നിലപാട് ഇസ്‌ലാമിന്റെ മാത്രം നിലപാടല്ല. ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയായ എ.എം.എം.എ പോലും വനിത അഭിനേതാക്കൾ ഒറ്റക്ക് യാത്ര ചെയ്യരുതെന്ന് പറഞ്ഞിരുന്നു. സുരക്ഷ കണക്കിലെടുത്ത് അത്തരം നയങ്ങൾ ഉണ്ടാകും. ഇസ്ലാമിലും ഒരു നയമുണ്ട്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് അതിൽ പറയുന്നു."-ഹക്കീം അസ്ഹരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

