ഹജ്ജ്: അപേക്ഷകരില്ലാതെ സംസ്ഥാനങ്ങൾ; നേട്ടമായത് കേരളത്തിന്
text_fieldsമലപ്പുറം: മുസ്ലിം ജനസംഖ്യാടിസ്ഥാനത്തിൽ അനുവദിച്ച ഹജ്ജ് ക്വോട്ടയിൽപോലും അപേക്ഷകരില്ലാതെ സംസ്ഥാനങ്ങൾ. ഈ സീറ്റുകൾ വീതംവെച്ചപ്പോൾ നേട്ടമായത് കേരളം ഉൾപ്പെടെ അപേക്ഷകർ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക്. അസം, ആന്ധ്രപ്രദേശ്, ബിഹാർ, ഹിമാചൽപ്രദേശ്, ജമ്മു-കശ്മീർ, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അപേക്ഷകർ കുറവുള്ളത്.
ബിഹാർ, ഉത്തർപ്രദേശ്, ബംഗാൾ, അസം എന്നിവിടങ്ങളിലായി 40,854 സീറ്റുകളാണ് ബാക്കിവന്നത്. ബിഹാറിന് അനുവദിച്ച ക്വോട്ട 14,225 ആണ്. അപേക്ഷകർ 3822 മാത്രം. ബാക്കിയായത് 10,403 സീറ്റുകൾ. യു.പിയിൽ 31,180 ആണ് ക്വോട്ട. അപേക്ഷകർ 19,702. 11,478 സീറ്റിലേക്ക് ആളില്ല.
ബംഗാളിന്റെ ക്വോട്ട 19,976 ആണ്. അപേക്ഷിച്ചത് 5938 പേർ മാത്രം. 14,038 സീറ്റ് ബാക്കി. അസമിൽ അപേക്ഷകർ 3905 ആണ്. ക്വോട്ട 8840. ബാക്കിവന്നത് 4435 സീറ്റുകൾ. ജമ്മു-കശ്മീരിന് അധിക സീറ്റുകൾ ഉൾപ്പെടെ 8838 ആണ് ക്വോട്ട. ഇവിടെയും 821 സീറ്റുകൾ ബാക്കിയായി.
ഇത്തരത്തിൽ ബാക്കിവന്ന 44,234 സീറ്റുകൾ വീതംവെച്ചപ്പോൾ കേരളത്തിനാണ് കൂടുതൽ ലഭിച്ചത് -9400. മഹാരാഷ്ട്രക്ക് 8961ഉം ഗുജറാത്തിന് 8405ഉം അധിക ക്വോട്ടയിൽ ലഭിച്ചു. അധികം വന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ സീറ്റുകൾ വീതംവെച്ചത്. കശ്മീരിന് അനുവദിച്ച 2000 അധിക സീറ്റുകളും സമാനമായി മറ്റുള്ളവർക്ക് നൽകുകയായിരുന്നു. ഇതിൽ കേരളത്തിന് ലഭിച്ചത് 187 സീറ്റുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

