ഹജ്ജ്: വനിതകള്‍ക്കു മാത്രമായി ഇതുവരെ പറന്നത് ഒമ്പത് വിമാനങ്ങള്‍
text_fieldsകരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൈപ്പറ്റിയ ലഗേജ് സ്ലിപ്പിലെ വിവരങ്ങള്‍ തീര്‍ഥാടകര്‍ക്ക് വിശദീകരിച്ചു നല്കുന്ന പൊലീസ് ഉദ്യോഗസ്ഥ
കൊണ്ടോട്ടി: മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തുനിന്ന് ഒമ്പത് വിമാനങ്ങള്‍ വനിത തീര്‍ഥാടകര്‍ക്ക് മാത്രമായി സര്‍വിസ് നടത്തി. വ്യാഴാഴ്ച വൈകീട്ട് മുതലാണ് വനിതകള്‍ക്ക് മാത്രമായുള്ള പ്രത്യേക വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തത്. തിങ്കളാഴ്ച കരിപ്പൂരില്‍നിന്ന് രണ്ട് പ്രത്യേക വിമാനങ്ങളും കണ്ണൂരില്‍നിന്ന് ഒരു വിമാനവും വനിത തീര്‍ഥാടകരുമായി യാത്രയാവും. കരിപ്പൂരില്‍നിന്നുള്ള വനിതകള്‍ക്ക് മാത്രമായുള്ള അവസാനത്തെ വിമാനം ജൂണ്‍ 17നും കണ്ണൂരില്‍നിന്ന് ചൊവ്വാഴ്ചയും പുറപ്പെടും.
അതേസമയം, മൂന്ന് ദിവസത്തെ ഇടവേളക്കു ശേഷം കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലേക്ക് തിങ്കളാഴ്ച മുതല്‍ പുരുഷ തീർഥാടകര്‍ എത്തിത്തുടങ്ങും. ചൊവ്വാഴ്ച രാവിലെയും വൈകീട്ടും പുറപ്പെടാനുള്ള തീര്‍ഥാടകരാണ് രാവിലെയും ഉച്ചക്കുമായി ക്യാമ്പിലെത്തുക. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതല്‍ തിങ്കളാഴ്ച വരെ 11 വിമാനങ്ങള്‍ വനിത തീർഥാടകര്‍ക്ക് മാത്രമായി ഷെഡ്യൂള്‍ ചെയ്തതിനാല്‍ ഈ ദിവസങ്ങളില്‍ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ പുരുഷ തീർഥാടകര്‍ ഉണ്ടായിരുന്നില്ല. 17ന് കരിപ്പൂരില്‍നിന്ന് പുലര്‍ച്ച 4.20ന് പുറപ്പെടുന്ന വിമാനത്തില്‍ മഹ്റം വിഭാഗത്തില്‍ ഉള്‍പ്പെടാത്ത 1718 വനിത തീര്‍ഥാടകരാണ് യാത്രതിരിക്കുക.
കൊച്ചിയില്‍നിന്ന് തിങ്കളാഴ്ച രാവിലെ 11.30ന് പുറപ്പെടുന്ന എസ്.വി 3738 സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കേരളത്തില്‍നിന്നുള്ള 246 തീർഥാടകര്‍ക്ക് പുറമെ ലക്ഷദ്വീപില്‍നിന്നുള്ള 86 പുരുഷന്മാരും 78 സ്ത്രീകളുമടക്കം 164 പേരും തമിഴ്നാട്ടില്‍നിന്നുള്ള മൂന്ന് സ്ത്രീ തീർഥാടകരും യാത്രയാവും. കൊച്ചിയില്‍നിന്ന് ഞായറാഴ്ച ഹജ്ജ് സർവിസ് ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ചയും സർവിസുണ്ടാകില്ല.
കരിപ്പൂരില്‍നിന്ന് ഞായറാഴ്ച രണ്ട് വിമാനങ്ങളിലായി 290 പേര് യാത്രയായി. അവധി ദിവസമായതിനാല്‍ നിരവധി പേരാണ് തീര്‍ഥാടകരെ യാത്രയയക്കാന്‍ വിമാനത്താവളത്തിലും ക്യാമ്പിലും എത്തിയിരുന്നത്. കരിപ്പൂരില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 8.25ന് പുറപ്പെടുന്ന വിമാനത്തില്‍ 76 പുരുഷന്മാരും 69 സ്ത്രീകളും വൈകീട്ട് 6.25ന് പുറപ്പെടുന്ന വിമാനത്തില്‍ 67 പുരുഷന്മാരും 78 സ്ത്രീകളും ഹജ്ജിന് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

