ഹജ്ജ്; മടക്കയാത്ര നാളെ മുതൽ, ആദ്യമെത്തുക കരിപ്പൂർ വഴി പോയവർ
text_fieldsകൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോയവരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ ആരംഭിക്കും. കരിപ്പൂരിൽ നിന്ന് യാത്ര തിരിച്ച തീർഥാടകരാണ് ആദ്യം നാട്ടിലെത്തുക. കൊച്ചിയിൽ നിന്ന് പോയവരുടെ മടക്കയാത്ര വ്യാഴാഴ്ച രാത്രി 12.15നും കണ്ണൂരിൽ നിന്ന് യാത്ര തിരിച്ച തീർത്ഥാടകർ ജൂൺ 30നു ശേഷവുമാണ് തിരിച്ചെത്തുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായി ആകെ 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോയത്. ഇതിൽ 16,040 പേർ കേരളത്തിൽ നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.
കരിപ്പൂർ വഴി 5339 തീർത്ഥാടകരും കൊച്ചി വഴി 6388 തീർത്ഥാടകരും കണ്ണൂരിൽനിന്ന് 4755 തീർത്ഥാടകർ എന്നിങ്ങനെയാണ് കേരളത്തിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ടത്. മടക്കയാത്രക്കായി കരിപ്പൂരിൽ നിന്ന് 31ഉം കൊച്ചിയിൽ നിന്ന് 23 ഉം കണ്ണൂരിൽ നിന്ന് 28ഉം ഉൾപ്പെടെ മൊത്തം 82 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ മടക്കയാത്ര സുഗമമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും എയർപോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. കരിപ്പൂർ, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എയർപോർട്ട് ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ ഒരുക്കം വിലയിരുത്തി.
വിമാനത്താവളത്തിൽ എത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കും. കൂടാതെ, ഓരോ തീർത്ഥാടകനും 5 ലിറ്റർ വീതം സംസം ജലം നൽകുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. വിശ്രമിക്കാൻ പ്രത്യേക ഇരിപ്പിടങ്ങളും കുടിവെള്ളം, ലഘുഭക്ഷണം എന്നിവയും ലഭ്യമാക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം മുഹമ്മദ് സക്കീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

