കേരളത്തിലെ ദീനിപ്രവർത്തനത്തിനുള്ള മോദിയുടെ സമ്മാനമാണ് ഹജ്ജ് നയം -എ.പി. അബ്ദുല്ലക്കുട്ടി
text_fieldsകണ്ണൂർ: ഇത്തവണ ഹജ്ജിന് സംസ്ഥാനത്തുനിന്ന് മൂന്ന് എംബാർക്കേഷൻ പോയന്റ് (പുറപ്പെടൽ കേന്ദ്രം) അനുവദിച്ചത് കേരളത്തിലെ ദീനിപ്രവർത്തനത്തിനുള്ള നരേന്ദ്രമോദിയുടെ സമ്മാനമാണെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി. ‘ഇക്കുറി കൊച്ചുകേരളത്തിൽനിന്ന് മൂന്ന് എംബാർക്കേഷൻ പോയന്റാണ് അനുവദിച്ചത്. കേരളത്തിന്റെ ദീനിപ്രവർത്തനത്തിനുള്ള നരേന്ദ്രമോദിയുടെ സമ്മാനമായി ഇതിനെ കരുതുക. ചെയർമാൻ എന്നനിലയിൽ വളരെ സന്തോഷമുണ്ട്. ഈ വർഷത്തെ ഹജ്ജ് പോളിസി നരേന്ദ്രമോദി ടച്ചുള്ളതാണ്’ -അബ്ദുല്ലക്കുട്ടി പറഞ്ഞു.
മോദിയുടെ നിർദേശത്തെ തുടർന്നാണ് വി.ഐ.പി ക്വാട്ട പൂർണ്ണമായും എടുത്തു കളഞ്ഞതെന്ന് ഹജ്ജ് പോളിസിയെ കുറിച്ച് വിശദീകരിക്കവെ അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. ‘അല്ലാഹുവിന്റെ മുമ്പിൽ എന്ത് വി.ഐ.പി ക്വാട്ട? കഴിഞ്ഞ തവണ എനിക്ക് 50 പേരുടെ വി.ഐ.പി ക്വാട്ട ഉണ്ടായിരുന്നു. എന്നാൽ ബന്ധുക്കളടക്കം 5,000 പേരാണ് അവസരം ചോദിച്ച് എന്റെ അടുത്ത് വന്നത്. ഞാൻ നരേന്ദ്ര മോദിയോട് അദ്ദേഹത്തിന്റെ ക്വോട്ടയിൽനിന്ന് 25 എണ്ണത്തിന് ചോദിച്ചപ്പോഴുള്ള മറുപടി ‘ഒരെണ്ണം പോലും തരില്ല. എന്റെ ക്വാട്ടയെല്ലാം ജനറൽ പൂളിൽ കൊടുക്കണം’ എന്നായിരുന്നു. അന്ന് മോദി പഠിപ്പിച്ച വലിയ സന്ദേശമാണ് ‘അല്ലാഹുവിന്റെ വിളി ഉള്ളവർ ഹജ്ജിന് പോയാൽ മതി. ചെയർമാന്റെ വിളിയിൽ ആരും ഹജ്ജിനു പോകേണ്ട’ എന്നത്. എത്ര ദീനിയായ പ്രവർത്തനമാണിത്. മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ഒരു വിമാനം നിറയെ അതിസമ്പന്നരും രാഷ്ട്രീയക്കാരും അടക്കമുള്ള വി.വി.ഐ.പിമാർ ഹജ്ജിന് പോകുമായിരുന്നു. അവർ അവസാന വിമാനത്തിൽ പോയി ആദ്യവിമാനത്തിൽ തിരിച്ചുവരും. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. ഈ ഹജ്ജ് ഹലാലല്ല, ഹറാമാണ് എന്ന് ഞാൻ മുമ്പ് പ്രസംഗിച്ചത് വിവാദമായിരുന്നു’ അബ്ദുല്ലക്കുട്ടി പറഞ്ഞു.
അബ്ദുല്ലക്കുട്ടിയുടെ വിഡിയോ സന്ദേശത്തിലെ മറ്റുപ്രസക്തഭാഗങ്ങൾ:
ഹാജിമാർക്ക് തൊട്ടടുത്ത എയർപോർട്ടിൽനിന്ന് പുറപ്പെടാം
രാജ്യത്ത് ആകെ ഉണ്ടായിരുന്ന പുറപ്പെടൽ കേന്ദ്രങ്ങൾ 10ൽനിന്ന് 25 ആക്കിമാറ്റി. ഹാജികൾക്ക് തൊട്ടടുത്ത എയർപോർട്ടിൽനിന്ന് പുറപ്പെടാം. നോർത്ത് ഈസ്റ്റിൽ ത്രിപുരയിലെ അഗർത്തലയിൽനിന്ന് എംബാർക്കേഷൻ പോയന്റ് അനുവദിച്ചതും ഇത്തവണത്തെ പ്രത്യേകതയാണെന്നും ചെയർമാൻ പറഞ്ഞു.
കാശുവാങ്ങി ബാഗും കുടയും നൽകില്ല
മുമ്പ് ഹാജിമാരിൽനിന്ന് കാശുവാങ്ങി റിയാൽ എക്സ്ചേഞ്ച്, ബാഗ്, കുട, ബെഡ്ഷീറ്റ് എന്നിവ നൽകുമായിരുന്നു. ഇത് ഒഴിവാക്കി. കഴിഞ്ഞ തവണ ഇക്കാര്യത്തിൽ വൻ അഴിമതി നടത്തിയതിന് രണ്ട് സി.ഇ.ഒമാരെ പുറത്താക്കിയിരുന്നു.
പോളിസി രൂപവത്കരിച്ചത് മതപണ്ഡിതൻമാരുമായും കൂടിയാലോചിച്ച്
സ്ത്രീകൾ, കുട്ടികൾ, വികലാംഗർ, മുതിർന്നവർ, മഹ്റം ആയ സ്ത്രീകൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സ്മൃതി ഇറാനിയുമായും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻമാരുമായും മതപണ്ഡിതൻമാരുമായും കൂടിയാലോചന നടത്തിയാണ് ഹജ്ജ് പോളിസി രൂപവത്കരിച്ചതെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
സ്വകാര്യ ഓപ്പറേറ്റർമാർക്ക് ചെറിയ ‘ഷോക്ക്’ കൊടുത്തു
നേരത്തെ 70: 30 ആയിരുന്ന ഗവൺമെന്റ്, സ്വകാര്യ ഹജ്ജ് ക്വാട്ട അനുപാതം ഇത്തവണ 80: 20 ആയി മാറ്റിയിട്ടുണ്ട്. ഗവൺമെന്റ് ക്വോട്ട വർധിപ്പിച്ചു. കഴിഞ്ഞ തവണ സ്വകാര്യ ഓപ്പറേറ്റർമാർ വൻ നിരക്ക് ഈടാക്കിയതിന് ചെറിയ ഒരു ഷോക്ക് കൊടുത്തതാണ് ഇത്. ഇതിന്റെ പേരിൽ ഒരുപക്ഷേ, ചെയർമാനടക്കമുള്ളവർക്ക് വൻ വിമർശനം നേരിട്ടേക്കാം.
ഇത്തവണ സൗദി നമുക്ക് ഒരുലക്ഷം അധികം ഹജ്ജ് ക്വാട്ട തന്നിട്ടുണ്ട്. മൊത്തം 1.75 ലക്ഷം പേർക്ക് അവസരം ലഭിക്കും. ഇവർക്ക് കുറഞ്ഞ നിരക്കിൽ ഹജ്ജിന് പോകാം. അതിന് മോദിക്കും സ്മൃതി ഇറാനിക്കും നന്ദി പ്രകാശിപ്പിക്കുന്നു.
ഇൻഷാ അല്ലാഹ്, ഒരുനല്ല തീർഥാടനമായി ഇക്കുറി ഹജ്ജ് മാറും
എല്ലാവരോടും അഭിപ്രായം ചോദിച്ച് സമഗ്രമാക്കാൻ കുറച്ച് അധികം സമയം എടുത്തതിനാലാണ് ഇത്തവണ ഹജ്ജ് പോളിസി അൽപം വൈകാൻ ഇടയാക്കിയത്. എന്നാൽ, ഹജ്ജ് മുഴുവൻ ഡിജിറ്റലൈസ് ചെയ്തതിനാൽ വൈകിയതിന്റെ യാതൊരുപ്രയാസവും ഹാജിമാർ നേരിടില്ല. ഹാജിമാർ ആരും ബേജാറാവേണ്ടതില്ല. പ്രാർഥിക്കുക, ഇൻഷാ അല്ലാഹ് ഒരുനല്ല തീർഥാടനമായി ഇക്കുറി ഹജ്ജ് മാറും. അതിന് ശക്‍തിയും പ്രചോദനവും ആകും ഈ ഹജ്ജ് പോളിസി.