കരിപ്പൂർ വഴി ഹാജിമാർ നാളെ മുതൽ തിരിച്ചെത്തും
text_fieldsമലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ മടക്കയാത്ര വ്യാഴാഴ്ച ആരംഭിക്കും. മദീനയിൽനിന്നാണ് ഹാജിമാരുടെ മടക്കയാത്ര. കേരളത്തിലേക്കുള്ള ആദ്യവിമാനം വ്യാഴാഴ്ച വൈകീട്ട് 5.35ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങും. കണ്ണൂരിലേക്കുള്ള ആദ്യവിമാനം 14ന് ഉച്ചക്ക് 12.45നും കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
കോഴിക്കോട് ഇറങ്ങുന്ന ആദ്യവിമാനത്തിലെ ഹാജിമാരെ മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 11,556 പേരാണ് ഇത്തവണ കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11,252 പേർ കേരളത്തിൽനിന്നുള്ളവരും 304 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരിൽ എട്ടുപേർ മരിച്ചു.

