ഹജ്ജ് നറുക്കെടുപ്പിൽ സർവത്ര ആശയക്കുഴപ്പം; നോക്കുകുത്തിയായി ഹജ്ജ് കമ്മിറ്റി
text_fieldsകരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന നടത്തിയ ഹജ്ജ് അപേക്ഷകളിലെ നറുക്കെടുപ്പിൽ സർവത്ര ആശയക്കുഴപ്പം. കേന്ദ്ര -സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ നോക്കുകുത്തിയാക്കിയാണ് നറുക്കെടുപ്പ് നടന്നത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റ നേരിട്ടുള്ള നിയന്ത്രണത്തിൽ ഡൽഹിയിലായിരുന്നു ഇക്കുറി നറുക്കെടുപ്പ്. വിഷയത്തിൽ വ്യക്തതയില്ലാതെ വലയുകയാണ് കേന്ദ്ര -സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ. സാധാരണ രീതിയിൽ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്ന നടപടി പൂർത്തിയായാൽ ക്വോട്ട നിശ്ചയിക്കലാണ് അടുത്ത ഘട്ടം. സൗദി അറേബ്യ ഇന്ത്യക്ക് അനുവദിച്ച ക്വോട്ട രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലെയും മുസ്ലിം ജനസംഖ്യാടിസ്ഥാനത്തിൽ വീതംവെക്കുകയാണ് ചെയ്യാറുള്ളത്. മുസ്ലിം ജനസംഖ്യ കൂടുതലും അപേക്ഷകർ കുറവുമുള്ള സംസ്ഥാനങ്ങളിലെ സീറ്റുകൾ അപേക്ഷകർ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്യും. ഇതിന് ആദ്യം ഓരോ സംസ്ഥാനങ്ങളുടെയും ക്വോട്ട നിശ്ചയിക്കണം. അതിനുമുമ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിശകലനം ചെയ്യാറുണ്ട്.
തുടർന്ന് അതത് സംസ്ഥാന ഹജ്ജ് കമ്മിറ്റികളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി സഹകരിച്ച് നറുക്കെടുപ്പ് നടത്താറുള്ളത്. ഇക്കുറി ഇതൊന്നും നടന്നിട്ടില്ല. പകരം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേന്ദ്രീകൃത സംവിധാനത്തിലൂടെ നറുക്കെടുപ്പ് നടത്തുമെന്ന വിവരമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. നറുക്കെടുപ്പിനു മുമ്പ് ക്വോട്ട പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. അതും ഉണ്ടായില്ല. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് നറുക്കെടുപ്പ് ആരംഭിച്ചത്. കൂടുതൽ അപേക്ഷകരുള്ള കേരളത്തിൽനിന്ന് ജനറൽ വിഭാഗത്തിൽ 5033 പേർക്ക് അവസരം ലഭിച്ചു. കൂടുതൽ പേർക്ക് അവസരം ലഭിക്കാറുള്ള ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക രാത്രി വൈകിയും വെബ്സൈറ്റിൽ വന്നിട്ടില്ല. കേരളത്തിന് സമാനമായി മഹാരാഷ്ട്രയിൽനിന്ന് അവസരം ലഭിച്ചതും വളരെ കുറച്ചു പേർക്ക് മാത്രം. രാത്രിയും നടപടികൾ പൂർത്തിയായിട്ടില്ല. രാത്രി എട്ടുവരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 23 ഇടങ്ങളുടെ പട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചത്. വിഷയത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് വ്യക്തമായ ഉത്തരം ലഭിക്കുന്നില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

