ഹജ്ജ് ക്യാമ്പ്: നെടുമ്പാശ്ശേരിയിൽ സൗകര്യമില്ല; കരിപ്പൂരിൽ തന്നെ നടത്തണമെന്ന് ഹജ്ജ് കമ്മിറ്റി
text_fieldsകൊണ്ടോട്ടി: ഹജ്ജ് ക്യാമ്പ് നടത്തുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സൗകര്യമില്ലാത്തതിനാൽ ഇൗ വർഷത്തെ ഹജ്ജ് വിമാന സർവിസും ക്യാമ്പും കരിപ്പൂരിൽ തന്നെ നടത്തുന്നതിന് ശ്രമം തുടരാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗ തീരുമാനം. ഇത്തവണത്തെ ഹജ്ജ് നറുക്കെടുപ്പ് ഫെബ്രുവരി രണ്ടിന് നടത്താൻ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് അനുമതി തേടാനും ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് വർഷം ക്യാമ്പ് നടത്തിയ െനടുമ്പാശ്ശേരിയിലെ മെയിൻറനൻസ് ഹാങർ കെട്ടിടത്തിൽ നിലവിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുകയാണ്. ശുചിമുറിയും മറ്റുമായി ഉപയോഗിച്ച് സ്ഥലം സുരക്ഷിതമേഖലയാക്കി മാറ്റിയതിനാൽ അവിെടയും ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തവണ സംസ്ഥാനത്ത് നിന്ന് 10,981 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. കൂടാതെ, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ തീർഥാടകരെയും കൂടുതൽ ലഭിക്കാവുന്ന സീറ്റുകളും പരിഗണിച്ചാൽ 12,000-ത്തോളം തീർഥാടകരുണ്ടാകും. ഇത്രയും പേർക്ക് നെടുമ്പാശ്ശേരിയിൽ സൗകര്യമുണ്ടാകില്ല.
ക്യാമ്പ് നടത്തിപ്പിനുള്ള സഹായം ഇതുവരെ സിയാൽ വാഗ്ദാനം ചെയ്തിട്ടില്ല. ഹജ്ജ് കമ്മിറ്റി സ്വന്തം നിലയിൽ സൗകര്യമൊരുക്കുകയാണെങ്കിൽ 75 ലക്ഷം രൂപ ചെലവ് വരും. അതേസമയം, വിമാന സർവിസും ക്യാമ്പും കരിപ്പൂരിലേക്ക് മാറ്റുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. സുരക്ഷാപ്രശ്നങ്ങളാണ് കരിപ്പൂരിന് തടസ്സമായി വ്യോമയാന മന്ത്രാലയം ഉന്നയിക്കുന്നത്. എന്നാൽ, കരിപ്പൂരിൽനിന്ന് ഇടത്തരം വിമാനങ്ങളുടെ സർവിസിന് സുരക്ഷാപ്രശ്നമില്ലെന്ന നിരാക്ഷേപ പത്രം (എൻ.ഒ.സി) ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) നൽകിയാൽ അനുമതി നൽകാെമന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കരിപ്പൂരിലെ സാങ്കേതിക വിഭാഗത്തിൽ നിന്നുള്ള എൻ.ഒ.സി ഡി.ജി.സി.എക്ക് കൈമാറുന്നതിനുള്ള തുടർശ്രമങ്ങൾ ഹജ്ജ് കമ്മിറ്റി നടത്തും. കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നതിന് കേന്ദ്ര ന്യൂനപക്ഷമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി അനുകൂലമാണ്. സിവിൽ വ്യോമയാന മന്ത്രാലയമാണ് തടസ്സം നിൽക്കുന്നത്. നിരാക്ഷേപ പത്രം ഹാജരാക്കിയാൽ ഇത് മാറ്റാനാവുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ പറഞ്ഞു. 22 കോടി രൂപ ചെലവിലുള്ള പുതിയ കെട്ടിടത്തിെൻറ നിയമതടസ്സങ്ങൾ നീക്കി നിർമാണവുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. സുപ്രീംകോടതിയിൽ നൽകിയ കേസിെൻറ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. അടുത്ത വാദം 30-നാണ് നടക്കുക.ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എ.കെ. അബ്ദുറഹ്മാൻ, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, ഷരീഫ് മണിയാട്ടുകുടി, അഹമ്മദ് മൂപ്പൻ, എച്ച്.ഇ. ബാബുസേട്ട്്, സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, കോഒാഡിനേറ്റർ എൻ.പി. ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.
ഹജ്ജ്: നറുക്കെടുപ്പ് 22ന് നടന്നേക്കും
കൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി 22ന് നടന്നേക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ കേസിൽ 30ന് വാദം കേൾക്കുന്നതിനാൽ നറുക്കെടുപ്പ് ഫെബ്രുവരി രണ്ടിലേക്ക് നീട്ടണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തീയതി നീട്ടിനൽകാൻ സാധ്യത കുറവാണ്. മറ്റ് സംസ്ഥാനങ്ങളിലെ നറുക്കെടുപ്പ് 22നകം അവസാനിക്കും. 10,981 പേർക്കാണ് ഇക്കുറി അവസരം ലഭിച്ചിരിക്കുന്നത്. ഇതിൽ 2,394 സീറ്റുകൾ 70 വയസ്സിന് മുകളിലുള്ളവർക്കും മഹ്റം വിഭാഗത്തിനുമാണ്. ബാക്കി 8,587 സീറ്റുകളിലേക്ക് ജനറൽ വിഭാഗത്തിൽ നിന്നാണ് നറുക്കെടുപ്പ്. ജനറൽ വിഭാഗത്തിൽ 67,389 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
