ഹജ്ജ്: ആദ്യവിമാനം 30ന് കൊച്ചിയിൽനിന്ന്
text_fieldsമലപ്പുറം: ഈ വര്‍ഷത്തെ ഹജജ് ക്യാമ്പുകൾക്കുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിലും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രില്‍ 30ന് കൊച്ചിയില്‍നിന്ന് ഉച്ചക്ക് 2.10ന് 430 തീർഥാടകരുമായി പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 29ന് കൊച്ചിയില്‍ നടക്കും. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലായി കേരളത്തില്‍ ഇത്തവണയും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളാണുള്ളത്.
കേരളത്തില്‍നിന്ന് 13,194 പേരെയാണ് ഹജജിന് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 7943 പേര് കൊച്ചിയില്‍നിന്നും 4279 പേര് കണ്ണൂരില്‍നിന്നും 944 പേര് കോഴിക്കോട്ടുനിന്നുമാണ് യാത്രയാകുന്നത്. കേരളത്തിലെ 28 പേര് മറ്റു സംസ്ഥാനങ്ങളിലെ പുറപ്പെടൽ കേന്ദ്രങ്ങളില്‍നിന്ന് പോകുന്നുണ്ട്. ലക്ഷദ്വീപ്-107, പോണ്ടിച്ചേരി-39, തമിഴ്നാട്-263, കര്‍ണാടക- 239, ഉത്തര്‍പ്രദേശ്-അഞ്ച്, മഹാരാഷ്ട്ര-രണ്ട്, തെലുങ്കാന-രണ്ട് എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഹാജിമാര്‍ കേരളത്തിലെ പുറപ്പെടൽ കേന്ദ്രങ്ങളില്‍നിന്നും യാത്രയാകുന്നുണ്ട്. ഫ്ലൈനാസ് എയര്‍ലൈന്‍സാണ് കൊച്ചിയില്‍നിന്ന് സർവിസ് നടത്തുന്നത്. കണ്ണൂരില്‍നിന്ന് മേയ് ആറ് മുതൽ ഫ്ലൈ അദീല്‍ എയര്‍ലൈൻസും കോഴിക്കോട്ടുനിന്ന് മേയ് 14 മുതല്‍ 17 വരെ ആകാശ എയര്‍ലൈൻസും സര്‍വിസ് നടത്തും.
ഹജ്ജ് ക്യാമ്പുകളിൽ വിപുലമായ കാന്റീന് സൗകര്യം
മലപ്പുറം: മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിലെയും ഹജ്ജ് ക്യാമ്പ് ഒരുക്കങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും യോഗം അതത് ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാറും ഹജ്ജ് കമ്മിറ്റിയും വിവിധ വകുപ്പുകളുടെ മേലുദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും എല്ലാ വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. മൂന്ന് ക്യാമ്പിലും ഹാജിമാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി വിപുലമായ കാന്റീന് സൗകര്യം ഒരുക്കും.
മൂന്നിടത്തും ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്കും രേഖകള്‍ കൈമാറുന്നതിനുമായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. റിട്ട. എസ്.പി യു. അബ്ദുല്‍ കരീം ആണ് ഹജ്ജ് ക്യാമ്പ് സ്പെഷല്‍ ഓഫിസർ. കേന്ദ്ര ഹജജ് കമ്മിറ്റിയുടെ ഓഫിസ് പ്രതിനിധികള്‍ ഹജ്ജ് ക്യാമ്പില്‍ രേഖകളുടെയും മറ്റും മേല്‍നോട്ടത്തിനായി ഹജ്ജ് ക്യാമ്പിലെത്തും. ഈ വർഷം മുതൽ നൽകുന്ന സ്മാർട്ട് വാച്ച്, ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഉപയോഗം തുടങ്ങിയവയിൽ കൃത്യമായ പരിശീലനം ഹാജിമാർക്ക് നൽകിയിട്ടുണ്ട്.
ഓരോ 150 ഹാജിമാർക്ക് ഒരാൾ എന്ന തോതിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജീവനക്കാരായ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാർ ഹാജിമാരെ അവരോടൊപ്പം വിമാനത്തിൽ അനുഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

