ഹജ്ജ് കമ്മിറ്റി ഒാഫിസ് ആഗസ്റ്റ് ആദ്യവാരം നെടുമ്പാശ്ശേരിയിലേക്ക് മാറ്റും
text_fieldsകൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസ് താൽക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റും. ആഗസ്റ്റ് ആദ്യവാരത്തിലാണ് ഒാഫിസ് പ്രവർത്തനം ഘട്ടം ഘട്ടമായി നെടുമ്പാശ്ശേരിയിലെ ക്യാമ്പിലേക്ക് മാറ്റുക. ആഗസ്റ്റ് 12നാണ് ഇൗ വർഷത്തെ ക്യാമ്പിന് തുടക്കമാകുക. 13ന് രാവിലെ 6.45നാണ് ആദ്യവിമാനം. ആദ്യമായാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്രയധികം തീർഥാടകർ ഹജ്ജിന് പുറപ്പെടുന്നത്. 12,000ത്തോളം പേർക്കാണ് ഇൗ വർഷം സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്. കൂടാതെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശ്ശേരി വഴിയാണ് യാത്ര. യാത്രക്കാരുടെ അവസാന ഷെഡ്യൂൾ തയാറാക്കുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. മൂന്നാംഘട്ട പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
