ഹജ്ജ്: 857 തീർഥാടകർ മക്കയിലെത്തി; സ്ത്രീകൾ മാത്രമുള്ള ആദ്യ വിമാനം ഇന്ന്
text_fieldsകരിപ്പൂർ: കേരളത്തില്‍നിന്നുള്ള 857 തീർഥാടകർ അഞ്ചു വിമാനങ്ങളിലായി മക്കയിലെത്തി. ഇതിൽ 427 പുരുഷന്മാരും 430 സ്ത്രീകളുമാണുള്ളത്. ബുധനാഴ്ച കരിപ്പൂരിൽനിന്ന് പുറപ്പെട്ട ഹജ്ജ് വിമാനം സൗദി സമയം പുലർച്ച നാലിന് ജിദ്ദയിലെത്തി.
രണ്ടാമത്തെ വിമാനം സൗദി സമയം 12.04ന് ജിദ്ദയിൽ ലാൻഡ് ചെയ്തു. മൂന്നാമത്തെ വിമാനം വൈകീട്ട് 5.12ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ടു. ഇതോടെ മൊത്തം ആറു വിമാനങ്ങൾ കരിപ്പൂരിൽനിന്ന് പുറപ്പെട്ടു.
വ്യാഴാഴ്ച മൂന്നു വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് പുറപ്പെടുന്നത്. ആദ്യ വിമാനം പുലർച്ച 12.05നും രണ്ടാമത്തെ വിമാനം രാവിലെ 7.50നും മൂന്നാമത്തെ വിമാനം വൈകീട്ട് അഞ്ചിനുമാണ്. മൂന്നാമത്തെ വിമാനത്തിൽ സ്ത്രീകൾ തീർഥാടകർ മാത്രമാണുണ്ടാവുക.
സ്ത്രീകൾ മാത്രമുള്ള വിമാനത്തിൽ സർക്കാർ പ്രത്യേകം നിയോഗിച്ച വനിത വളന്റിയർ തീർഥാടകരെ അനുഗമിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഓവർസിയറായ ഫെമിനയാണ് ആദ്യ വനിതകളുടെ വിമാനത്തിലെ ഹജ്ജ് വളന്റിയർ. 23 മുതൽ 28 വരെ 12 വിമാനങ്ങളാണ് സ്ത്രീ തീർഥാടകർക്കു മാത്രമായി ഒരുക്കിയിരിക്കുന്നത്.
ഹജ്ജ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചെയർമാൻ സി. മുഹമ്മദ് ഫൈസി, ജനറൽ കൺവീനർ പി. മൊയ്തീൻകുട്ടി എന്നിവർ നിരീക്ഷിച്ചു. ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി തുടങ്ങിയവർ ബുധനാഴ്ച ക്യാമ്പ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

