ഹജ്ജ്: 34 പേര്‍ക്കുകൂടി അവസരം
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് 34 പേര്‍ക്കുകൂടി അവസരം ലഭിച്ചു. നറുക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കാത്തിരിപ്പ് പട്ടികയിലെ ക്രമനമ്പര്‍ 5307 മുതല്‍ 5340 വരെയുള്ള അപേക്ഷകര്‍ക്കാണ് അവസരം ലഭിച്ചത്. ഇതോടെ കേരളത്തില്‍നിന്ന് ഇത്തവണ അവസരം ലഭിച്ചവരുടെ എണ്ണം 13,134 ആയി. ഇനിയും ഏതാനും സീറ്റുകള്‍ കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എത്രയും വേഗം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300 രൂപ വീതം അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈന്‍ ആയോ പണമടക്കാം.
ഇപ്പോള്‍ അവസരം ലഭിച്ച തീര്‍ഥാടകര്‍ ഹജ്ജ് അപേക്ഷ ഫോമും അനുബന്ധ രേഖകളും പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ശനിയാഴ്ചക്കകം ഓണ്‍ലൈനായി അപ് ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2710717, 2717572. വെബ്സൈറ്റ് - https://hajcommittee.gov.in, kerlahajcommittee.org.
കേരളത്തില്‍നിന്നുള്ള ആദ്യ വിമാനം ഏപ്രില്‍ 30ന് കൊച്ചിയില്‍നിന്ന് പുറപ്പെടും. കണ്ണൂരില്‍നിന്നുള്ള ആദ്യ വിമാനം മേയ് അഞ്ചിനും കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം മേയ് 15നുമാണ് പുറപ്പെടുക. തീർഥാടക സംഘങ്ങള്‍ ജിദ്ദവഴി മക്കയിലേക്കാണ് യാത്രയാകുന്നത്. ഹജ്ജ് കർമങ്ങള്‍ നിർവഹിച്ചശേഷം മദീനയില്‍നിന്നാണ് മടക്കയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

