കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടി വരുമെന്ന ആശങ്കയില്‍ ഹജ്ജ് സര്‍വീസും മാറ്റിയെന്ന്
text_fieldsകൊണ്ടോട്ടി: വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടി വരുമോ എന്ന ആശങ്കയാണ് കരിപ്പൂരില്‍ ഹജ്ജ് സര്‍വിസ് അനുവദിക്കാത്തതിന് കാരണമെന്ന് ആക്ഷേപം. സൗകര്യങ്ങളുടെ കാര്യത്തില്‍ പിറകില്‍ നില്‍ക്കുന്ന ചെറിയ വിമാനത്താവളങ്ങള്‍ക്കു പോലും ഹജ്ജിന് അനുമതി നല്‍കുമ്പോഴാണ് കരിപ്പൂരിനെ തീര്‍ത്തും അവഗണിക്കുന്നത്.
കരിപ്പൂരിന് നിലവിലുള്ള ലൈസന്‍സ് പ്രകാരം കോഡ് ഡി ശ്രേണിയില്‍പ്പെടുന്ന എ-310, ബി-767 വിമാനങ്ങള്‍ ഉപയോഗിച്ചു സര്‍വിസ് നടത്താവുന്നതാണ്.
ഇതേ വിമാനങ്ങള്‍ ഉപയോഗിച്ചു സര്‍വിസ് നടത്തുന്നതിനാണ് ലക്നോ അടക്കമുള്ള മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഹജ്ജിന് നല്‍കിയാല്‍ ഇതിന്‍െറ തുടര്‍ച്ചയായി വലിയ വിമാനങ്ങള്‍ക്കും അനുമതി നല്‍കേണ്ടി വരുമോ എന്ന ആശങ്കയാണ് കരിപ്പൂരിന് തടസ്സമാകുന്നത്. നേരത്തേ, ഹജ്ജിനായി വര്‍ഷങ്ങളോളം ജംബോ വിമാനം സുഗമമായി സര്‍വിസ് നടത്തിയതിനെ തുടര്‍ന്നാണ് റഗുലര്‍ സര്‍വിസുകള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കുന്നത്. ഹജ്ജ് സര്‍വിസിനും പിന്നീട് വലിയ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയെ ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇത് ഒഴിവാക്കുന്നതിനാണ് വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുന്നതു വരെ ഹജ്ജ് സര്‍വിസിനും അനുമതി നല്‍കേണ്ടെന്ന് വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. ഹജ്ജ് തീര്‍ഥാടനത്തിനു മാത്രമായി അനുമതി നല്‍കാനാവില്ളെന്നാണ് കേന്ദ്ര നിലപാട്.
അതേസമയം, വാരാണസി, ഒൗറംഗബാദ്, റാഞ്ചി എന്നിവക്ക് നല്‍കിയ ഇളവുകള്‍ കരിപ്പൂരിനു വേണ്ടെന്നും നിലവിലുള്ള കോഡ് ഡി ശ്രേണിയില്‍പ്പെട്ട വിമാനം ഉപയോഗിച്ചു സര്‍വിസ് നടത്തുന്നതിനു തന്നെ അനുമതി നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നിലവിലുള്ള ലൈസന്‍സ് പ്രകാരം കരിപ്പൂരില്‍ നിന്ന് ബി-767, എ-310 വിമാനങ്ങള്‍ ഉപയോഗിച്ചു ഹജ്ജ് സര്‍വിസ് നടത്താം. ടെന്‍ഡറിലുള്ള നിബന്ധനകള്‍ പാലിച്ചു തന്നെ ഈ വിമാനം ഉപയോഗിച്ച് കരിപ്പൂരില്‍ നിന്നു സര്‍വിസ് നടത്താനാകും. പ്രതിദിനം മൂന്നു സര്‍വിസുകള്‍ നടത്തിയാല്‍ തന്നെ 750 തീര്‍ഥാടകരെ കൊണ്ടുപോകാന്‍ സാധിക്കും. വ്യോമയാന മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തില്‍ നിന്ന് മുഴുവന്‍ പേരെയും ജിദ്ദയിലത്തെിക്കാനാകും. എന്നാല്‍, വിവിധ ഇടങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് ഇത്തവണയും അധികൃതര്‍ കരിപ്പൂരിനെ അവഗണിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
