എല്ലാം അനുഭവിച്ചത് മുസ്ലിമായതിന്റെ പേരിൽ -ഹാദിയ
text_fieldsകൊച്ചി: മുസ്ലിം ആയതിെൻറ പേരിൽ മാത്രമാണ് തനിക്കിതൊക്കെ അനുഭവിക്കേണ്ടിവന്നതെന്ന് ഹാദിയ. ശരിയെന്ന് തോന്നിയ വഴി തെരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ പൗരയെന്ന നിലയിൽ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് നൽകിയത്. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റ് സർക്കാർ ഏജൻസികളും തന്നെ പ്രതിസ്ഥാനത്ത് നിർത്തി. കുറ്റവാളിയും മാനസികരോഗിയുമാക്കി വിധിയെഴുതിയെന്നും ഹാദിയ ഫേസ്ബുക്കിൽ കുറിച്ചു. ഹാദിയ-ഷെഫിൻ കേസ് തുടർന്ന് അന്വേഷിക്കുന്നില്ലെന്ന് എൻ.ഐ.എ അറിയിച്ച പശ്ചാത്തലത്തിലാണ് കുറിപ്പ്.
എെൻറ ശരിയോടൊപ്പം നിൽക്കുകയും എനിക്കുവേണ്ടി പ്രാർഥിക്കുകയും ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിന് സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കൽകൂടി എെൻറ കടപ്പാട് അറിയിക്കുന്നു. സാധാരണക്കാരിയായ തന്നെ സംബന്ധിച്ച് പൊലീസ്, കോടതി, ജഡ്ജി, ഹൈകോടതി, സുപ്രീംകോടതി ഇതൊക്കെ അപരിചിതമായിരുന്നു. ജീവിതത്തിൽ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോൾ ഇതൊക്കെ പരിചയപ്പെടേണ്ടിവന്നു. പക്ഷേ, എല്ലാം തരണംചെയ്യാൻ കരുത്തും ഊർജവും ആയത് റബ്ബ് തന്നെ കൈവിടില്ല എന്ന വിശ്വാസമാണ്. നിലപാട് ശരിയാവുകയും അതിൽ വെള്ളംചേർക്കാതെ ഉറച്ചുനിൽക്കുകയും ചെയ്താൽ വിജയിപ്പിക്കൽ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കൽകൂടി യാഥാർഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടേതല്ല, കൂട്ടായ ശ്രമത്തിേൻറതാണ്.
എന്നോടൊപ്പം നിൽക്കുകയും എെൻറ നീതിക്കായി പോരാടുകയും ചെയ്ത പലരെയും ഒരുകാരണവുമില്ലാതെ വേട്ടയാടി. ഞാൻ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവരാണ് നീതിക്കുവേണ്ടി ശബ്ദിക്കാൻ ഉണ്ടായതെന്നത് നീതിക്കൊപ്പം നിൽക്കാനുള്ള എെൻറ സഹോദരീ സഹോദരന്മാരുടെ സത്യസന്ധതയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു കൂടെയുണ്ടാവുമെന്ന വിശ്വാസം ഉള്ളിടത്തോളം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. എല്ലാത്തിനും കഴിവുള്ളവനാണ് റബ്ബ്
-ഹാദിയ