മാനസിക പീഡനത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ഹാദിയ
text_fieldsന്യൂഡൽഹി: വിവാഹ ശേഷം അന്യായമായി തടങ്കലിലിട്ട് പീഡിപ്പിച്ചതിന് നഷ്ടപരിഹാരം തേടി ഹാദിയ സുപ്രീംകോടതിയിൽ. വിവാഹ ശേഷം വീട്ടുതടങ്കലിലാക്കിയപ്പോൾ ഇസ്ലാമിൽനിന്ന് പിന്മാറുന്നതിന് ശിവശക്തി യോഗ സെൻററിൽനിന്നടക്കം നിരവധി പേർ സമ്മർദവുമായി വന്നിരുന്നുവെന്നും ഹാദിയ ബോധിപ്പിച്ചു. അതേസമയം, സത്യസരണിക്കും സൈനബക്കുമെതിരെ ഭീകരവാദം അടക്കമുള്ള ആരോപണങ്ങളുമായി ഹാദിയയുടെ പിതാവ് അശോകനും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
ഹാദിയ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കേയാണ് ഹാദിയയും പിതാവും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മതംമാറ്റം, ഷഫിന്‍ ജഹാനുമായുള്ള വിവാഹം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി ഹാദിയക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നേരത്തേ അനുവാദം നൽകിയിരുന്നു. ഷഫിൻ ജഹാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിെൻറ വാദത്തെ തുടർന്നായിരുന്നു ഇത്. ഷഫിൻ ജഹാനെ തെൻറ രക്ഷകർത്താവായി അംഗീകരിക്കണമെന്ന് അഡ്വ. സയ്യിദ് മർസൂഖ് ബാഫഖി മുഖേന സമർപ്പിച്ച 25 പേജ് സത്യവാങ്മൂലത്തിൽ ഹാദിയ ആവശ്യപ്പെട്ടു.
രണ്ടു കൂട്ടുകാരികളുമായുള്ള സഹവാസത്തിൽ 2013ൽതന്നെ സ്വന്തം നിലക്ക് താൻ ഇസ്ലാമിൽ ആകൃഷ്ടയായിട്ടുണ്ട്. ഇസ്ലാം അനുസരിച്ച് ജീവിക്കാൻ വീട്ടുകാരിൽനിന്ന് തടസ്സം നേരിട്ടപ്പോഴാണ് വീട്ടിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്. പിന്നീട് കുടുംബജീവിതം നയിക്കാൻ തീരുമാനിച്ച് ഷഫിൻ ജഹാനെ വിവാഹം കഴിച്ചു. എന്നാൽ, വിവാഹശേഷം വീട്ടുതടങ്കലിലായതോടെ ഇസ്ലാം മതം ഉപേക്ഷിക്കാൻ കടുത്ത സമ്മർദമുണ്ടായി.
വീട്ടുതടങ്കലില്‍ ആയിരുന്നപ്പോൾ അമ്മ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നുവെന്ന് ഹാദിയയുടെ സത്യവാങ്മൂലത്തിലുണ്ട്. ഇതേക്കുറിച്ച് പൊലീസിനോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. തെളിവ് കൈമാറാമെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ല പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നു.
ഹൈകോടതി വിധിയെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയതിനു ശേഷം കടുത്ത പീഡനങ്ങളാണ് മാതാപിതാക്കളില്‍നിന്ന് നേരിടേണ്ടി വന്നത്. പിടികിട്ടാപ്പുള്ളികളോട് സ്വീകരിക്കുന്ന സമീപനമാണ് വൈക്കം ഡിവൈ.എസ്.പി തന്നോട് സ്വീകരിച്ചത്. പീഡനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തോട് പരാതിപ്പെെട്ടങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ക്രിമിനലും തീവ്രവാദിയും എന്ന മുന്‍വിധിയോടെയാണ് എന്‍.ഐ.എയിലെ ചില ഉദ്യോഗസ്ഥര്‍ പെരുമാറിയത്. എന്‍.ഐ.എ സംഘം തെളിവില്ലാത്ത ഒരു കഥ വിശ്വസിക്കുകയും അത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇവർ തന്നെ മൊഴി വായിച്ച് കേള്‍പ്പിച്ചില്ല.
2016നു മുമ്പ് ആര്‍ക്കെങ്കിലും ഇസ്ലാമിക വിഡിയോ അയച്ചിരുന്നുവോ എന്ന് എൻ.െഎ.എ ഉദ്യോഗസ്ഥൻ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി. പൊലീസ് കാവലും മറ്റുമായി വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. വിശ്വാസപ്രകാരം അനുവദനീയമായ ഭക്ഷണം കഴിക്കുന്നതിനും നമസ്കരിക്കുന്നതിനും നോെമ്പടുക്കുന്നതിനും തടസ്സം നേരിട്ടു. അന്യായമായ തടങ്കലിൽ അനുഭവിച്ച ഇത്തരം പീഡനങ്ങൾക്കാണ് നഷ്ടപരിഹാരം ചോദിക്കുന്നതെന്ന് ഹാദിയ ബോധിപ്പിച്ചു. ഇതോടൊപ്പം മുസ്ലിം ആയി തുടർന്നും ജീവിക്കണമെന്നും അതിനുള്ള പൂര്‍ണസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഹാദിയയുടെ മതംമാറ്റവും ഷഫിൻ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഇതുവരെ ഉന്നയിച്ച തീവ്രവാദ, ഭീകരവാദ ആരോപണങ്ങൾ ആവർത്തിക്കുകയാണ് അശോകൻ.