ഹാദിയക്കുമേൽ പിതാവിന്‍റെ നിയന്ത്രണം പറ്റില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 24 വയസുള്ള ഹാദിയക്ക് സ്വയം തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ടെന്നും അവർക്കുമേൽ പിതാവിെൻറ നിയന്ത്രണം പറ്റില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പിതാവ് അശോകന് ഹാദിയയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ വെക്കാനാവില്ലെന്നും ആവശ്യമെങ്കിൽ സുപ്രീംകോടതി അവർക്ക് സംരക്ഷകനെ വെക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേർത്തു.
ഹാദിയയെ എത്രയും പെെട്ടന്ന് കോടതിയിൽ ഹാജരാക്കണമെന്നും വിവാദമായ കേസിൽ എൻ.െഎ.എ അന്വേഷണത്തിന് പുറപ്പെടുവിച്ച വിധി തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് ശഫിൻ ജഹാൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇൗ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ)യുടെ അന്വേഷണത്തിന് ഉത്തരവിട്ടത് തങ്ങളുടെ സമ്മതത്തോടെയാണെന്ന് അശോകന് വേണ്ടി ഹാജരായ അഡ്വ. മാധവി ദിവാൻ വ്യക്തമാക്കിയപ്പോൾ, ആർക്കുവേണ്ടിയാണ് നിങ്ങൾ ഹാജരാകുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. പിതാവിനുവേണ്ടിയാണ് ഹാജരാകുന്നെതന്നും എൻ.െഎ.എ അന്വേഷണം അവസാനിക്കുന്ന മുറക്ക് അവരെ ഹാജരാക്കാമെന്ന് ഇൗ കോടതി തന്നെ പറഞ്ഞതാണെന്നും ഇതിന് മാധവി ദിവാൻ മറുപടി നൽകി.
തുടർന്ന് ഹരജി തിങ്കളാഴ്ച കേൾക്കുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ബലപ്രയോഗത്തിലൂടെ അവരെ അച്ഛെൻറ നിയന്ത്രണത്തിലാക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഹാദിയക്കുമേൽ പിതാവിെൻറ നിയന്ത്രണം പറ്റില്ല. ഹാദിയയെ ആര് കസ്റ്റഡിയിൽ വെക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ആവശ്യമായി വന്നാൽ അവരെ ആരുടെെയങ്കിലും കസ്റ്റഡിയിലേക്ക് വിട്ടുകൊടുക്കുകയോ ഹോസ്റ്റലിലേക്ക് അയക്കുകയോ ചെയ്യും. 24 വയസുള്ള സ്ത്രീയായ ഹാദിയക്ക് സ്വന്തം കാര്യം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
അതിനിടെ അശോകെൻറ അഭിഭാഷകയെ പിന്തുണച്ച് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇടപെട്ടു. ഇതിലടങ്ങിയ വസ്തുതകളെ കുറിച്ച് അങ്ങ് ബോധവാനല്ലെന്നും ഇതിനൊരു പാറ്റേൺ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാറ്റേണുണ്ടോ ഇല്ലയോ എന്നതല്ല, ഭരണഘടനയുടെ 226ാം അനുഛേദത്തിന് കീഴിൽ സമർപ്പിച്ച റിട്ട് ഹരജിയിൽ കേരള ഹൈകോടതിക്ക് ഒരു വിവാഹം റദ്ദാക്കാൻ അവകാശമുണ്ടോ എന്നാണ് തങ്ങൾക്കറിയേണ്ടതെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിെൻറ മറുപടി.
ഇൗ കേസിൽ രണ്ട് വിഷയങ്ങൾ മാത്രമാണ് കോടതിക്ക് പരിശോധിക്കാനുള്ളതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഭരണഘടനയുടെ 226ാം അനുഛേദപ്രകാരം സമർപ്പിച്ച ഒരു റിട്ട് ഹരജി പരിഗണിക്കുേമ്പാൾ പ്രായപൂർത്തിയായ യുവതി സമ്മതത്തോടെ നടത്തിയ വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈകോടതിക്കുണ്ടോ എന്നതാണ് ഒന്നാമത്തേത്. അതേ കേസ് സുപ്രീംകോടതിയിലെത്തുേമ്പാൾ ഒറിജിനൽ റിട്ട് ഹരജിയിൽ ഒരിക്കലും ആവശ്യപ്പെടാത്ത എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിടാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടോ എന്നതാണ് രണ്ടാമത്തെ ചോദ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും അതിന് മുമ്പായി എൻ.എ.െഎ മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ എൻ.െഎ.എ അഭിഭാഷകൻ മനീന്ദർ സിങ് ഡൽഹിയിലില്ലാത്തതിനാൽ മാറ്റിവെക്കണമെന്ന് എ.എസ്.ജി തുഷാർമേത്ത ആവശ്യപ്പെട്ടപ്പോൾ ശഫിൻ ജഹാനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ എതിർത്തു. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കേസാണിതെന്ന് ദവെ ഒാർമിപ്പിച്ചു. ഭരണകൂടവും എൻ.െഎ.എയുമല്ല അപ്പീൽ നൽകിയത്. തങ്ങളാണ് അപ്പീൽ നൽകിയത്. എന്നാൽ, എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിട്ടതിലൂടെ സുപ്രീംകോടതി അതിെൻറ അധികാര പരിധി മറികടന്നു. ഇൗ അന്വേഷണം രാജ്യത്തിെൻറ ബഹുമത അടിത്തറയെ തകർക്കുമെന്ന് ദവെ വാദിച്ചു. 24 വയസുള്ള ഒരു സ്ത്രീയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിടുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
