കൊച്ചി: മൂന്നുവർഷം മുമ്പ് പത്തനംതിട്ടയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി. 2018 മാർച്ച് 22ന് വെച്ചൂച്ചിറ സന്തോഷ് കവലയിലെ വീട്ടിൽനിന്ന് കാണാതായ 22കാരിയായ ജസ്നയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളത്തെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹരജി നൽകിയിരിക്കുന്നത്.
ജസ്നയെ കാണാതായതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ പിതാവ് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മൂന്നുവർഷം കഴിഞ്ഞിട്ടും ജസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവിയായിരിക്കെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ടോമിൻ ജെ. തച്ചങ്കരി ജസ്ന ജീവിച്ചിരിപ്പുണ്ടെന്നാണ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.