‘300 രൂപ ഫീസടച്ച്, മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് ഡോക്ടറെ ക്രൂരമായി മർദിച്ചു’ - പെരിന്തൽമണ്ണയിൽ മർദനമേറ്റ ഗൈനക്കോളജിസ്റ്റിന് ഗുരുതര പരിക്ക്
text_fieldsപെരിന്തൽമണ്ണ: നാലംഗസംഘത്തിന്റെ മർദനമേറ്റ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടറെ ഇവരെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൈനക്കോളജിയിലെ ഡോ. സിനി ജലീലിനെയാണ് സ്വകാര്യ പ്രാക്ടീസ് സെന്ററിലെത്തി മർദിച്ചത്.
ഡോക്ടറുടെ ആന്തരികാവയവങ്ങൾക്ക് പരിക്കുണ്ടോയെന്നറിയാൻ വിശദ പരിശോധനക്ക് നിർദേശിച്ചിരിക്കുകയാണെന്ന് സഹപ്രവർത്തകർ അറിയിച്ചു. പ്രാഥമിക പരിശോധനക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റി.
പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപം പഞ്ചമി സ്കൂൾ റോഡിൽ ഇവരുടെ ക്ലിനിക്കിൽ വ്യാഴാഴ്ച വൈകീട്ട് 5.30നാണ് സംഭവം. ദിവസങ്ങൾ മുമ്പ് ജില്ല ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഗർഭിണിയുടെ നില ഗുരുതരമാവുകയും പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.
ക്ലിനിക്കിൽ ഡോക്ടറെ കാണാൻ 300 രൂപ ഫീസടച്ച് കാത്തിരുന്ന് കൺസൽട്ടിങ് മുറിയിൽ കയറി രണ്ടു വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ടാണ് മർദിച്ചത്. രണ്ടുപേർ ഡോക്ടറെ പിടിച്ചുവെക്കുകയും മറ്റു രണ്ടുപേർ മർദിക്കുകയുമായിരുന്നെന്ന് മൊഴി നൽകി. പർദയും ബുർഖയും ധരിച്ചാണ് അക്രമി സംഘം എത്തിയതെന്നും ഇതിൽ പുരുഷന്മാരുണ്ടോയെന്ന് സംശയമുണ്ടെന്നും ഡോക്ടറുടെ ബന്ധുക്കൾ പറഞ്ഞു. രോഗികളെ വിളിക്കാനും ഡോക്ടറെ സഹായിക്കാനുമായി ജീവനക്കാരിയുണ്ട്. ഗർഭിണിയായ അവരെയും പിടിച്ചുതള്ളി.
സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി. സംഭവം ഗൗരവമുള്ളതാണെന്ന് പെരിന്തൽമണ്ണ ഐ.എം.എ ഭാരവാഹികൾ പറഞ്ഞു. തുടർനടപടികൾ ആലോചിക്കാനും ചർച്ച ചെയ്യാനുമായി വ്യാഴാഴ്ച രാത്രി തന്നെ ഐ.എം.എ ഭാരവാഹികൾ യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

