മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കി വിശ്വാസ്യത നേടണം: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
text_fieldsവിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ബ്ലൂ പ്രിന്റ് ഐഡിയതോൺ വൈസ് പ്രസിഡന്റ് സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യതയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും സംരക്ഷിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ബ്ലൂപ്രിന്റ് ഐഡിയതോൺ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളും കമീഷനിലെ തന്നെ അംഗങ്ങൾ രേഖപ്പെടുത്തിയതായി പുറത്തുവന്ന വിയോജിപ്പുകളും ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. വോട്ടർപട്ടികയുടെ പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ ഉയർന്ന ആശങ്കകൾക്ക് വ്യക്തമായ മറുപടി നൽകേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് കമീഷനിലെ വിയോജനക്കുറിപ്പുകൾ പുറത്തുകൊണ്ടുവന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു.
രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനായി ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി, വിഷയങ്ങളിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും വിസ്‌ഡം ആവശ്യപ്പെട്ടു.
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. അബൂബക്കർ സലഫി, ഹാരിസ് ബിനു സലീം, നാസർ ബാലുശ്ശേരി, നബീൽ രണ്ടത്താണി, ഹംസ മദീനി, ഷമീർ മദീനി, അബ്ദുൽ മാലിക് സലഫി, ടി.കെ നിഷാദ് സലഫി, കെ. താജുദ്ദീൻ സ്വലാഹി, ഡോ. വി.പി. ബഷീർ, ടി.മുഹമ്മദ് ഷമീൽ, സഫുവാൻ ബറാമി അൽ ഹികമി, ജമാൽ പെരിന്തൽമണ്ണ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

