ഗുരുവായൂര്‍ ഏകാദശിയുടെ തീയതിയെ ചൊല്ലി ഭിന്നാഭിപ്രായം
text_fieldsഗുരുവായൂര്‍: ഏകാദശി ഡിസംബര്‍ മൂന്നിനെന്ന് ദേവസ്വം, നാലിനെന്ന് ജ്യോത്സ്യന്മാരുടെ സംഘടന. മൂന്നിന് ഉദയത്തിന് മുമ്പ് രണ്ട് നാഴിക 11 വിനാഴിക ദശമിയുള്ളതിനാല്‍ അന്നത്തെ ഏകാദശിക്ക് അരുണോദയ സ്പര്‍ശമുണ്ടെന്നും ആചരണം ആചാര വിരുദ്ധമാണെന്നുമാണ് ഒരു വിഭാഗം ജ്യോതിഷികള്‍ പറയുന്നത്.
എന്നാല്‍ മൂന്നിന് അമ്പത്തിയേഴര നാഴികക്ക് ഏകാദശിയുണ്ടെന്നും രാവിലെ ദ്വാദശി പാരണ നടത്താന്‍ കഴിയുമെന്നുള്ളതിനാല്‍ മൂന്നിന് തന്നെ ആചരിക്കാമെന്നും ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വിശദീകരിച്ചു.
ഡിസംബര്‍ നാലിനാണ് ഏകാദശിയെന്ന് ജ്യോതിശാസ്ത്ര മണ്ഡലം, കേരള ഗണക കണിശ സഭ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം മുന്‍കൈയെടുത്ത് വേദ പണ്ഡിതന്മാരേയും ജ്യോതിഷ പണ്ഡിതന്മാരേയും വിളിച്ചു കൂട്ടി പഞ്ചാംഗം ഏകീകരിക്കണമെന്ന് ഗണക കണിശ സഭ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് സഭയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ജ്യോതിഷ പണ്ഡിതന്‍ കാക്കശ്ശേരി രവീന്ദ്ര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എം. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ പൂജവെപ്പ് സംബന്ധിച്ചും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.