തിരുവനന്തപുരം: യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ജയഘോഷ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. കോണ്‍സുല്‍ ജനറല്‍ ദുബായിലേക്ക് പോയിട്ടും ജയഘോഷ് തോക്ക് ഹാജരാക്കിയില്ലെന്നും കോണ്‍സുല്‍ ജനറല്‍ പോയ കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും കമീഷണര്‍ ഓഫീസിനേയും അറിയിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നാണ് എന്‍.ഐ.എക്ക് ജയഘോഷ് മൊഴി നല്‍കിയത്. പലപ്പോഴും താന്‍ കോണ്‍സുലേറ്റിലേക്ക് പല ബാഗുകളും വാങ്ങി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതില്‍ സ്വര്‍ണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ജയഘോഷ് എന്‍.ഐ.എയോട് പറഞ്ഞത്. ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ എന്‍.ഐ.എയും കസ്റ്റംസും തയ്യാറായിട്ടില്ല.
അതേസമയം, യു.എ.ഇ കോണ്‍സുലേറ്റ് ഇന്‍ ചാര്‍ജ് സന്ദര്‍ശിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ എൻ.ഐ.എ സംഘം പരിശോധന നടത്തി. ഏഴംഗ സംഘം പരിശോധന ഞായറാഴ്ചയാണ് പരിശോധന നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു. നാല് നയതന്ത്ര ഉദ്യോഗസ്ഥരാണ് പാറ്റൂരിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.