ഗൾഫ് വിമാന സർവിസുകൾ മുടങ്ങി
text_fieldsതിരുവനന്തപുരം/നെടുമ്പാശ്ശേരി/കൊണ്ടോട്ടി: വ്യോമപാതകൾ അടച്ചതിനാൽ സംസ്ഥാനത്തെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളിൽ ഭൂരിഭാഗവും മുടങ്ങി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള 37 വിമാനങ്ങൾ ഞായറാഴ്ച റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 19 വിമാനങ്ങളും എത്തേണ്ട 18 വിമാനങ്ങളുമാണ് റദ്ദാക്കിയത്. വ്യോമപാതകൾ അടച്ചതോടെ എയർ ഇന്ത്യ ഉൾപ്പെടെ വിമാനക്കമ്പനികൾ സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം നാട്ടിലും ഗൾഫിലുമായി കുടുങ്ങിയത്. അനിശ്ചിതത്വം തുടരുന്നതിനാൽ തിങ്കളാഴ്ചയും അവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്കുള്ള സർവിസുകൾ സാധാരണനിലയിൽ നടക്കുന്നുണ്ട്.
കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മൂന്ന് സർവിസുകൾ മാത്രമാണ് ആകെയുണ്ടായത്. സർവിസുകൾ റദ്ദാക്കിയത് നേരത്തെ അറിയിച്ചിരുന്നതിനാൽ അന്താരാഷ്ട്ര ടെർമിനൽ പൊതുവെ വിജനമായിരുന്നു. ഒമാൻ എയർ മസ്കത്തിലേക്ക് രണ്ട് സർവിസ് നടത്തി. സൗദി എയർലൈൻസ് ജിദ്ദയിലേക്കും സർവിസ് നടത്തി. എന്നാൽ, എയർഇന്ത്യ എക്സ് പ്രസും ഇൻഡിഗോയും മസ്കത്തിലേക്കും ആകാശ എയർ ജിദ്ദയിലേക്കും സർവിസ് നടത്തിയില്ല. കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സിംഗപ്പൂർ, ബാങ്കോക്ക്, മാലി, ക്വാലാലംപൂർ, കൊളംബോ തുടങ്ങിയ സർവിസുകൾ സാധാരണ പോലെ നടന്നു. കൊച്ചിയിൽ നിന്നും തിരികെയുമായി പ്രതിദിനം നൂറിലേറെ വിദേശ സർവിസുകളാണുള്ളത്. ഇതിൽ കൊച്ചി-ഗൾഫ് റൂട്ടിൽ ഇരുഭാഗത്തേക്കുമുള്ള എൺപതോളം സർവിസുകൾ ഞായറാഴ്ച റദ്ദാക്കി. ഏതാനും ആഭ്യന്തര സർവിസുകളും മുടങ്ങി.
കരിപ്പൂർ വിമാനത്താവളത്തില്‍നിന്നുള്ള 19 അന്താരാഷ്ട്ര സർവിസുകള്‍ മുടങ്ങി. ഞായറാഴ്ച രാവിലെ റിയാദിലേക്ക് രണ്ടു വിമാനങ്ങള്‍ സർവിസ് നടത്തി. രാവിലെ 7.45ന് ഫ്ലൈ നാസും 9.45ന് സൗദി എയര്‍ലൈന്‍സുമാണ് സർവിസ് നടത്തിയത്. രാവിലെ 6.45ന് റിയാദില്‍നിന്ന് 139 യാത്രക്കാരുമായെത്തിയ ഫ്ലൈ നാസ് 127 യാത്രക്കാരുമായാണ് മടങ്ങിയത്. 8.45നെത്തിയ സൗദി എയര്‍ലൈന്‍സില്‍ 117 യാത്രക്കാരുണ്ടായിരുന്നു. ഈ വിമാനത്തില്‍ 55 യാത്രക്കാര്‍ റിയാദിലേക്ക് യാത്രയായി.
കരിപ്പൂരില്‍നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ, അബൂദബി, ജിദ്ദ, റിയാദ്, കുവൈത്ത്, റാസല്‍ഖൈമ, ഷാർജ സെക്ടറുകളിലേക്കുള്ള ആറു സർവിസുകളും ഇന്‍ഡിഗോയുടെ ദുബൈ, ജിദ്ദ സർവിസുകളും എയര്‍ അറേബ്യയുടെ അബൂദബിയിലേക്കുള്ള നാലു സർവിസുകളും റാസല്‍ഖൈമ, ഷാർജ സർവിസുകളും സ്പൈസ് ജെറ്റിന്റെ ദുബൈ സർവിസും ഖത്തര്‍ എയർവേയ്സിന്റെ ദോഹ സർവിസും ഇത്തിഹാദ് എയറിന്റെ അബൂദബിയിലേക്കുള്ള സർവിസുമാണ് മുടങ്ങിയത്.
ഹെല്പ് ഡെസ്ക് നമ്പര്‍: 0483 2719491, 2719591.
മുംബൈയിലും ഡൽഹിയിലും 225 വിമാനങ്ങൾ റദ്ദാക്കി
ന്യൂഡൽഹി: ഇറാനെതിരായ യു.എസ്, ഇസ്രായേൽ ആക്രമണങ്ങളെയും തുടർന്ന് ഗൾഫ് മേഖലയിലെ വ്യോമാതിർത്തികൾ അടച്ചതിനെയും തുടർന്ന് പ്രവർത്തന തടസ്സങ്ങൾ കാരണം ഞായറാഴ്ച മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ 225 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. 225 വിമാനങ്ങളിൽ 125 എണ്ണം മുംബൈ വിമാനത്താവളത്തിലും കുറഞ്ഞത് 100 വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിലും റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

