ഗില്ലൻ ബാരി സിൻഡ്രോം മരണം: റിപ്പോർട്ട് തേടി
text_fieldsമൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ കാവനയിൽ അപൂർവരോഗം ബാധിച്ച് ഒരാൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ആവോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഡി.എം.ഒ നിർദേശം നൽകി. ഗില്ലൻബാരി സിൻഡ്രോം രോഗത്തെക്കുറിച്ച് ജനങ്ങളിൽ വ്യക്തത വരുത്താൻ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും നിർദേശിച്ചു.
കാവന തടത്തിൽ ജോയി ഐപ് (58) ആണ് ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് തിങ്കളാഴ്ച മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്ന നാഡീസംബന്ധമായ അവസ്ഥയാണ് ഗില്ലൻബാരി സിൻഡ്രോം. ലക്ഷത്തിൽ ഒന്നോരണ്ടോ പേർക്ക് മാത്രം ബാധിക്കുന്ന രോഗമാണിത്.
കൈകാലുകളിൽ തരിപ്പ്, മരവിപ്പ്, ശക്തിക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ച് പക്ഷാഘാതമോ മരണമോ സംഭവിക്കാം. രോഗത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ആമാശയത്തിലോ കുടലിലോ ശ്വാസകോശത്തിലോ ഉണ്ടാകുന്ന അണുബാധമൂലം അസുഖം ഉണ്ടാകാം. 15 വയസ്സിനു താഴെയുള്ള കുട്ടികളിൽ രോഗബാധ ഉണ്ടായാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. രാജ്യത്തൊട്ടാകെ 32 മരണങ്ങൾ രോഗബാധമൂലം ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

