തിരുവനന്തപുരം: സിനിമ മേഖലയിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണ ജോര്‍ജ്. മാര്‍ഗനിര്‍ദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്‌കാരിക വകുപ്പും നിയമവകുപ്പും പരിശോധിക്കും.
സിനിമയിലെ പ്രീ പ്രൊഡക്ഷന്‍, ഷൂട്ടിങ്, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതാകും മാര്‍ഗനിര്‍ദേശം. വനിത ദിനത്തിന് മുന്നോടിയായി കേരള വനിത ശിശുവികസന വകുപ്പും വനിത വികസന കോര്‍പറേഷനും സംയുക്തമായി ലേബര്‍ കോഡ് നിര്‍ദേശങ്ങള്‍ വനിത സിനിമ പ്രവര്‍ത്തകരെ എങ്ങനെ ബാധിക്കും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കും. വെള്ളിയാഴ്ച ഇതിനായി പ്രത്യേക യജ്ഞം നടത്തും. പരിപാടിയിൽ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷതവഹിച്ചു. സിനിമാതാരം അമല അക്കിനേനി മുഖ്യാതിഥിയായി.
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറഞ്ഞു. വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ബീനാ പോള്‍ (ഡബ്ല്യു.സി.സി), എം. രഞ്ജിത്ത് (പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍), ജി.എസ്. വിജയന്‍ (വൈസ് പ്രസിഡന്റ്, ഫെഫ്ക), സജിന്‍ ലാല്‍ (മാക്ട), എം. കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍), മാലാ പാർവതി (അമ്മ ഐ.സി.സി) എന്നിവര്‍ സംസാരിച്ചു. വനിത വികസന കോര്‍പറേഷന്‍ എം.ഡി വി.സി. ബിന്ദു നന്ദി പറഞ്ഞു.