കോളജ് അധ്യാപകരുടെ ‘കോപ്പിയടി’ നിയന്ത്രിക്കാൻ മാർഗരേഖ
text_fieldsതിരുവനന്തപുരം: പ്രസിദ്ധീകരണങ്ങളിലെ കോപ്പിയടി തടയാൻ കോളജ് അധ്യാപകർക്ക് സർക്കാർ മാർഗരേഖ. മറ്റൊരാൾ എഴുതിയ/ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ/ ലേഖനങ്ങൾ വ്യത്യാസം വരുത്താതെയോ ചെറിയ വ്യത്യാസം വരുത്തിയോ തലക്കെട്ട് മാറ്റിയോ പ്രസിദ്ധീകരിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചത്.
സമീപകാലത്ത് സ്ഥാനക്കയറ്റത്തിനായി ചില അധ്യാപകർ സമർപ്പിച്ച പ്രസിദ്ധീകരണങ്ങളിൽ കോപ്പിയടി കണ്ടെത്തുകയും ഡയറക്ടർ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. പുസ്തക പ്രസിദ്ധീകരണം/ ലേഖന സമാഹാരങ്ങൾ/ നിരൂപണം എന്നിവക്കായി വിഷയം തെരഞ്ഞെടുക്കുമ്പോൾ അതേ വിഷയം അതേ പേരിൽതന്നെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഉള്ളടക്കത്തിൽ മൗലികത ഉണ്ടെന്നും ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇത് പ്രാഥമികമായി ഗ്രന്ഥകാരന്റെ/ പ്രസാധകന്റെ ഉത്തരവാദിത്തമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുക്കുന്ന വിഷയത്തിൽ സർക്കാറിന് എതിരെയോ സർക്കാറിന്റെ നയങ്ങൾക്കെതിരെയോ ഉള്ള പരാമർശങ്ങൾ പാടില്ല. പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ ഏതെങ്കിലും മതത്തെയോ ജാതിയെയോ ആക്ഷേപിക്കുന്നതോ നിന്ദിക്കുന്നതോ ആവരുത്.
പുസ്തക പ്രസിദ്ധീകരണത്തിന് അപേക്ഷ അനുമതിക്കായി സർക്കാറിലേക്ക് അയക്കുന്നതിന് മുമ്പ് പുസ്തകം/ പ്രസാധകർ എന്നിവ സംബന്ധിച്ച് പൊതുവിവരം എല്ലാ കോളജുകളിലും പ്രസിദ്ധപ്പെടുത്തും. പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം രേഖാമൂലമുള്ള ആക്ഷേപങ്ങളോ എതിർപ്പുകളോ ലഭിക്കാത്തവയേ സർക്കാറിലേക്ക് ശിപാർശ ചെയ്യുകയുള്ളൂ.
പുസ്തകം പ്രസിദ്ധീകരിച്ചശേഷം പരാതികളോ ആക്ഷേപങ്ങളോ ഉണ്ടായാൽ അതിന്മേലുള്ള നഷ്ടങ്ങൾക്ക് പൂർണ ഉത്തരവാദിത്തം ഗ്രന്ഥകാരൻ/ പ്രസാധകർക്കായിരിക്കും. സർഗാത്മക സൃഷ്ടിയുടെ അന്തസ്സ് നിലനിർത്താനും ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കാനും വൈജ്ഞാനിക രംഗത്തെ സംഭാവനകൾ പരിപോഷിപ്പിക്കുന്നതിനുമായാണ് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

