ജി.എസ്.ടി ഇളവ്: നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങിയ പാലുൽപന്നങ്ങള്‍ക്ക് വില കുറച്ച് മില്‍മ; പാലിന് വില കുറയില്ല
text_fieldsതിരുവനന്തപുരം: ജി.എസ്.ടി ഇളവ് കാരണം മില്‍മയുടെ നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉൽപന്നങ്ങളുടെ വില കുറയും. പാലിന് നേരത്തെ തന്നെ ജി.എസ്.ടി ഇല്ലാത്തതിനാൽ വില കുറയില്ല.
നെയ്യ് ഒരു ലിറ്ററിന് നിലവിലെ 720 രൂപയില്‍നിന്ന് 45 രൂപ കുറഞ്ഞ് 675 ആകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപക്ക് ലഭിക്കും. നെയ്യിന്റെ ജി.എസ്.ടി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായാണ് കുറഞ്ഞത്.
240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപക്ക് ലഭിക്കും. 500 ഗ്രാം പനീറിന്‍റെ വില 245 രൂപയില്‍നിന്ന് 234 ആയി കുറയും. അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിന്‍റെ ജി.എസ്.ടി പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
ഐസ്ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വില കുറയും. മില്‍മയുടെ ജനപ്രിയ ഉൽപന്നമായ വാനില ഐസ്ക്രീം ഒരു ലിറ്ററിന് 220 രൂപയായിരുന്നത് 196 ആയി കുറച്ചു. ജി.എസ്.ടി 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കിഴിവ് ലഭ്യമാകും. നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവുണ്ടാകും.
ഫ്ലേവേര്‍ഡ് പാലിന്‍റെ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട്. അഞ്ച് ശതമാനം ഉണ്ടായിരുന്ന യു.എച്ച്.ടി പാലിന്‍റെ ജി.എസ്.ടി ഒഴിവാക്കി. മില്‍മയുടെ പായസം മിക്സിന്‍റെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചു. പാക്ക് ചെയ്ത ജ്യൂസുകള്‍ക്കും ഈ ഇളവ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

