ജി.എസ്.ടി പരിഷ്കാരം: വില കുറയുമെങ്കിൽ നന്ന്, പക്ഷേ അനുഭവം മറ്റൊന്ന് -മന്ത്രി കെ.എൻ ബാലഗോപാൽ
text_fieldsമന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: ജി.എസ്.ടി സ്ലാബുകൾ രണ്ടായി കുറച്ച കേന്ദ്ര പരിഷ്കാരം വരുന്നതോടെ സാധനങ്ങളുടെ വില കുറയുമെങ്കിൽ അത് നല്ല കാര്യമാണെങ്കിലും ഇത്തരത്തിൽ നികുതി കുറച്ച ഘട്ടങ്ങളിലൊന്നും അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു . നികുതി കുറച്ച 25 സാധനങ്ങൾ മുൻനിർത്തി മുമ്പ് സംസ്ഥാന ജി.എസ്.ടി വകുപ്പ് പഠനം നടത്തിയപ്പോൾ വിപണിയിൽ വില കുറയുന്നില്ലെന്നാണ് ബോധ്യപ്പെട്ടത്. 28 ശതമാനമുണ്ടായിരുന്ന ഫ്രിഡ്ജുകളുടെ ജി.എസ്.ടി 18 ശതമാനത്തിലേക്ക് താഴ്ത്തിയെങ്കിലും നികുതിയിൽ വന്ന കുറവ് വിലയിൽ കൂട്ടുകയാണ് കമ്പനികൾ ചെയ്തത്. പുതിയ പരിഷ്കരണത്തിലും സമാന സ്ഥിതി ആവർത്തിക്കുമോ എന്നതാണ് ആശങ്കയെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാരം വേണം
നികുതി കുറക്കുന്നതിലൂടെ ജനങ്ങൾക്ക് ആശ്വാസം നൽകുമ്പോൾ തന്നെ സംസ്ഥാനങ്ങളുടെ വരുമാനം സംരക്ഷിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിഷ്കാരം ഏർപ്പെടുത്തുമ്പോൾ സംസ്ഥാനങ്ങൾക്കുള്ള നഷ്ടം പരിഹരിക്കാൻ സംവിധാനം വേണം. അതോടൊപ്പം ആഡംബര വസ്തുക്കൾക്ക് നികുതി വർധിപ്പിച്ച ശേഷം ചെറിയ സാധനങ്ങളുടെ നികുതി കുറക്കണമെന്നതാണ് മറ്റൊന്ന്. നികുതി കുറക്കാനുള്ള നീക്കത്തിൽനിന്ന് പിൻവാങ്ങണമെന്നല്ല, ഇതുവഴി നഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് പരിഹാരത്തിനുള്ള ക്രമീകരണങ്ങൾ വേണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. പുതിയ നികുതിയിലൂടെ കേന്ദ്രത്തിന് നഷ്ടം വരുമെങ്കിലും അവർക്ക് മറ്റ് പല വരുമാന മാർഗങ്ങളുമുണ്ട്. സംസ്ഥാനങ്ങൾക്ക് ഇത് മാത്രമേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
സിസ്റ്റം തകരാറിൽ തന്നെ
ജി.എസ്.ടിക്ക് മുമ്പുള്ള നികുതി ഘടനയിൽ പ്രതിവർഷം 13-14 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ നികുതി വളർച്ച. എന്നാൽ, ജി.എസ്.ടിയോടെ വളർച്ച നിലച്ചു. നികുതിയിൽ വളർച്ചയുണ്ടായില്ലെങ്കിൽ അത് കേന്ദ്രം നഷ്ടപരിഹാരമായി നൽകുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യ അഞ്ച് വർഷം കേരളത്തിന് നഷ്ടപരിഹാരം ലഭിച്ചു. രണ്ട് വർഷം മുമ്പ് നഷ്ടപരിഹാരവും അവസാനിച്ചു. കഴിഞ്ഞ വർഷം ഈ ഇനത്തിലെ സംസ്ഥാനത്തിന്റെ നഷ്ടം 21000 കോടിയാണ്. തൊട്ടു മുൻവർഷം 17000 കോടിയും -ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

