ജി.എസ്.ടി നിരക്കിളവ്: വില കുറയുന്ന ജീവൻരക്ഷ മരുന്നുകൾ ഇവയാണ്...
text_fieldsതിരുവനന്തപുരം: ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമായതോടെ ജീവൻരക്ഷ മരുന്നുകൾക്ക് തിങ്കളാഴ്ച മുതൽ വില കുറയും. കാൻസർ, ഹീമോഫീലിയ, സ്‌പൈനൽ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങൾ എന്നിവക്കടക്കമുള്ള 34 മരുന്നുകളുടെ ജി.എസ്.ടി പൂർണമായി ഇല്ലാതായി.
രക്തസമ്മർദം, കൊളസ്ട്രോൾ, നാഡി-ഞരമ്പ് രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ജി.എസ്.ടി അഞ്ചായി കുറഞ്ഞു. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയവക്കും ജി.എസ്.ടി അഞ്ചായി കുറഞ്ഞു. അതേസമയം, ഇൻസുലിൻ മരുന്നുകൾക്ക് നിലവിലുള്ള അഞ്ച് ശതമാനം ജി.എസ്.ടി തുടരും.
കരളിലെ കാൻസറിനുള്ള അലക്‌റ്റിനിബ് ഗുളിക ഒരാഴ്ചത്തേക്ക് 1.20 ലക്ഷം രൂപയായിരുന്നത് ജി.എസ്.ടി ഇല്ലാതായതോടെ 1.06 ലക്ഷം രൂപക്ക് ലഭിക്കും. 14,471 രൂപയാണ് കുറയുക. 56 ഗുളികയാണ് അലക്‌റ്റിനിബിന്റെ ഒരു പാക്കറ്റ്. പ്രതിദിനം ആറുമണിക്കൂർ ഇടവിട്ട് എട്ട് ഗുളികയാണ് രോഗി കഴിക്കേണ്ടത്.
ഹീമോഫീലിയ രോഗികൾക്കുള്ള എമിസിസുമാബ് ഇൻജക്ഷൻ ഒരു ഡോസിന് 2.94 ലക്ഷം രൂപ, 35,300 രൂപ കുറഞ്ഞ് 2.59 ലക്ഷത്തിന് ലഭിക്കും.
സ‌്പൈനൽ മസ്കുലർ അട്രോഫി രോഗികൾക്കുള്ള റിസ്ഡിപ്ലാം പൗഡറിന് വിപണിവില 6.09 ലക്ഷം രൂപയാണ്. ഇത് 73,000 രൂപ കുറഞ്ഞ് 5.36 ലക്ഷമാകും.
ഗുരുതര ശ്വാസകോശ രോഗത്തിനുള്ള മെപോളിസുമാബ് ഇൻജക്ഷന് 79,853 രൂപയുള്ളത് 70,000 ആകും.
വില കുറച്ച് മില്‍മ
നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉൽപന്നങ്ങളുടെ വില കുറയും
ജി.എസ്.ടി ഇല്ലാത്തതിനാൽ പാലിന് വില കുറയില്ല
തിരുവനന്തപുരം: ജി.എസ്.ടി ഇളവിന്‍റെ ഗുണം നേരിട്ട് ഉപഭോക്താക്കളിലെത്തിച്ച് മില്‍മ. മില്‍മയുടെ നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉൽപന്നങ്ങളുടെ വില കുറയും. അതേസമയം, പാലിന് നേരത്തെ തന്നെ ജി.എസ്.ടി ഇല്ലാത്തതിനാൽ വില കുറയില്ല. നെയ്യിന്റെ ജി.എസ്.ടി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായാണ് കുറഞ്ഞത്.
നെയ്യ് ലിറ്ററിന് 720 രൂപയില്‍നിന്ന് 45 രൂപ കുറഞ്ഞ് 675 ആകും. അര ലിറ്ററിന് 370 ൽ നിന്ന് 25 രൂപ കുറഞ്ഞ് 345 രൂപയാകും.
240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപക്ക് ലഭിക്കും.
500 ഗ്രാം പനീർ വില 245 രൂപയില്‍നിന്ന് 234 ആയി കുറയും.
മില്‍മയുടെ ജനപ്രിയ ഉൽപന്നമായ വാനില ഐസ്ക്രീം ലിറ്ററിന് 220 രൂപയിൽ നിന്ന് 196 ആയി കുറച്ചു.
ഫ്ലേവേര്‍ഡ് പാൽ നികുതി 12 ൽ നിന്ന് അഞ്ച് ശതമാനമാക്കി.
അഞ്ച് ശതമാനായിരുന്ന യു.എച്ച്.ടി പാലിന്‍റെ ജി.എസ്.ടി ഒഴിവാക്കി.
പായസം മിക്സിന്‍റെ ജി.എസ്.ടി 18 ല്‍ നിന്ന് അഞ്ചാക്കി. പാക്ക് ചെയ്ത ജ്യൂസുകള്‍ക്കും ഈ ഇളവ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

