കൊഴുക്കട്ടക്ക് ജി.എസ്.ടി 18 ശതമാനം: കൗൺസിലിനെ സമീപിച്ചെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: ആവിയിൽ പുഴുങ്ങിയെടുക്കുന്ന പലഹാരങ്ങൾക്ക് നികുതി കുറക്കാൻ ജി.എസ്.ടി കൗൺസിൽ അനുമതി തേടുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിൽ കൊഴുക്കട്ടയടക്കം ഇത്തരം പലഹാരങ്ങൾക്ക് 18 ശതമാനമാണ് ജി.എസ്.ടി. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ അവരുടെ പലഹാരങ്ങൾക്ക് അഞ്ച് ശതമാനമേ ജി.എസ്.ടി ചുമത്തുന്നുള്ളൂ.
ഒരു ദിവസം മാത്രം ആയുസ്സുള്ളവയാണ് നമ്മുടെ പലഹാരങ്ങൾ. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ജി.എസ്.ടി കൗൺസിലിനെ സമീപിച്ചിട്ടുള്ളത്. കേരളത്തിന്റെ പരാതിയിൽ നിരക്ക് യുക്തിസഹമാക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട ഉപസമിതിയുടെ പരിഗണനയിലാണെന്നും ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയവെ, മന്ത്രി പറഞ്ഞു.
എം.എൽ.എ ഫണ്ട് പദ്ധതി നിർവഹണത്തിൽ കാലതാമസം വരുത്തുന്നതിനിടയാക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ പരിശോധിക്കും. എല്ലാ ഫയലും പ്രത്യേക അനുമതിക്കായി സെക്രട്ടേറിയറ്റിലേക്ക് വരേണ്ടതില്ല. എന്നാൽ, ആവശ്യമില്ലാത്ത ഫയലുകളും സെക്രട്ടേറിയറ്റിലേക്ക് അയക്കുകയാണ്. ഇവയിലേതെങ്കിലും വ്യവസ്ഥ പദ്ധതി നിര്‍വഹണത്തില്‍ കാലതാമസം വരുത്തുന്നതിനിടയാക്കുന്നെങ്കില്‍ അത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവും സമ്മതിക്കുന്നു, സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടം
ജി.എസ്.ടിയെ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ജി.എസ്.ടി നടപ്പാക്കുമ്പോഴുണ്ടായിരുന്ന റവന്യൂ ന്യൂട്രല്‍ നിരക്ക് 15.5 ശതമാനമായിരുന്നു. നിലവില്‍ അത് 11 ശതമാനത്തില്‍ താഴെയാണെന്ന് കേന്ദ്ര ധനമന്ത്രി തന്നെ സമ്മതിക്കുന്നു. അത്രയേറെ വരുമാന നഷ്ടമാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. എന്നാല്‍, സാധാരണക്കാര്‍ക്ക് പ്രയോജനകരമാക്കുന്ന ഒരു നികുതിയിളവല്ല ഉണ്ടായത്. ആഡംബര ഉല്‍പന്നങ്ങളുടെ നികുതിയിലാണ് കുറവുണ്ടായത്.
ഭൂനികുതിയിലേത് തുച്ഛം വർധന
ഭൂനികുതി നിരക്കിൽ വളരെ തുച്ഛമായ വർധനയേ വരുത്തുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഭൂമികേരളം പദ്ധതിയുടെ ഭാഗമായി ഭൂരേഖകളുടെ സമ്പൂർണ ഡിജിറ്റൽവത്കരണം നടത്താൻ ഏതാണ്ട് 1000 കോടിയിലേറെ ചെലവുണ്ട്. ഭൂമിയുടെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന നിലയിലുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇതിന് ചെറിയ സഹായമെങ്കിലും ഉറപ്പാക്കാൻ വേണ്ടിയാണ് ഭൂനികുതി കൂട്ടിയെതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

