ജി.എസ്.ടി: കേരളത്തിന് 9006 കോടി കിട്ടും
text_fieldsതിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരമായി 2021 ജനുവരി വരെയുള്ള കണക്കു പ്രകാരം കേരളത്തിന് കേന്ദ്രത്തിൽനിന്ന് 9006 കോടി രൂപ ലഭ്യമാകും. ഇതിൽ 915 കോടി ലഭിച്ചു.
3239 കോടി രൂപ കേന്ദ്രത്തിന് ലഭിച്ച സെസിൽനിന്നും 5767 കോടി രൂപ കേന്ദ്രം വായ്പയെടുക്കുന്നതിൽനിന്നുമാണ് നൽകുക. ഐ.ജി.എസ്.ടി വഴി 834 കോടി രൂപ കൂടി ഈയാഴ്ച കേന്ദ്രത്തിൽനിന്ന് കിട്ടിയേക്കും.
60,000 കോടി രൂപയുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളുമായി തർക്കം ബാക്കിയാണ്. ഇത് വിപണിയിൽനിന്ന് വായ്പയെടുക്കണമെന്നാണ് ആദ്യം കേന്ദ്രം പറഞ്ഞത്. കേന്ദ്രം വായ്പയെടുത്തുതരികയാണെങ്കിൽ ആ വകയിൽ 3000 കോടി രൂപ കൂടി കിട്ടും. നഷ്ടപരിഹാരത്തിൽ 65,000 കോടി രൂപ സെസ് വഴിയും 1,10,000 കോടി രൂപ വായ്പയെടുത്തും ലഭ്യമാക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.
സെസ് വഴി 20,000 കോടി രൂപ വിതരണം ചെയ്തതിലാണ് 915 കോടി കേരളത്തിന് കിട്ടിയത്. സെസ് വഴി 2324 കോടി രൂപ കൂടി കിട്ടാനുണ്ട്. സംസ്ഥാനങ്ങൾ അംഗീകാരം ലഭ്യമാക്കിയ ശേഷം റിസർവ് ബാങ്ക് വഴി പ്രത്യേക വിൻഡോ തുറന്ന് വായ്പയെടുത്ത പണം വിതരണം ചെയ്യും.