എട്ടു മാസത്തിനിടെ സംസ്ഥാനത്ത് ജി.എസ്.ടി വെട്ടിപ്പ് 1,294 കോടി
text_fieldsകൊച്ചി: സംസ്ഥാനത്ത് ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) നടക്കുന്നത് വൻ വെട്ടിപ്പ്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ ഒന്ന് മുതൽ നവംബർ 30 വരെ എട്ട് മാസ കാലയളവിൽ മാത്രം 1,294 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. എന്നാൽ, ഇതിന്റെ 50 ശതമാനത്തോളം തുക മാത്രമേ തിരിച്ചടപ്പിക്കാനായിട്ടുള്ളൂ. സർക്കാറിന് കോടികളുടെ വരുമാനച്ചോർച്ചയുണ്ടാക്കുന്ന വെട്ടിപ്പ് ഓരോ വർഷവും കൂടിവരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
2022-2023 സാമ്പത്തിക വർഷം 524 കോടിയായിരുന്നു വെട്ടിപ്പ്. എന്നാൽ, ഈ സാമ്പത്തിക വർഷം ആദ്യ എട്ടു മാസത്തിൽതന്നെ 1300 കോടിയിലേക്ക് എത്തുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് വർധന. മാർച്ച് അവസാനിക്കുമ്പോൾ ഇത് 1500 കോടി കവിയുമെന്നാണ് കണക്കുകൂട്ടൽ. വ്യാപാര മേഖലയെ അപേക്ഷിച്ച് സേവനമേഖലയിലാണ് തട്ടിപ്പ് കൂടുതൽ. ഒരുവിഭാഗം വ്യാപാരികളും സേവനദാതാക്കളും കൃത്യമായി നികുതി അടക്കുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗം വിവിധ മാർഗങ്ങളിലൂടെ ആസൂത്രിതമായി നികുതി വെട്ടിപ്പ് തുടരുന്നതാണ് കേസുകളുടെ ഗണ്യമായ വർധനക്ക് കാരണം. സംശയകരമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ റിട്ടേൺ സംബന്ധിച്ചവയടക്കം രേഖകൾ പരിശോധിച്ചും നിരന്തര നിരീക്ഷണത്തിലൂടെയുമാണ് വെട്ടിപ്പ് കണ്ടെത്തുന്നത്. തുക തിരിച്ചടക്കാത്തവർക്കെതിരെ കൃത്യമായ തെളിവുകൾ ശേഖരിച്ച് റവന്യു റിക്കവറി നടപടികൾ ആരംഭിക്കുകയാണ് പതിവ്. എന്നാൽ, ഇവർ അപ്പീലും കേസുകളുമായി മുന്നോട്ട് പോകുന്നതോടെ നടപടികൾ ഇഴയുകയും തുക പൂർണമായി തിരിച്ചുപിടിക്കാൻ കാലതാമസം നേരിടുകയും ചെയ്യുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ജി.എസ്.ടി വകുപ്പിന് കീഴിൽ 41 ഇന്റലിജൻസ് യൂനിറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
പണം ചോരുന്നത് പല വഴികളിൽ
യഥാർഥ വിറ്റുവരവ് കുറച്ചുകാണിച്ചാണ് പലപ്പോഴും വെട്ടിപ്പ് നടത്തുന്നത്. ഉപഭോക്താക്കൾക്ക് ബില്ല് നൽകാതെ തട്ടിപ്പ് നടത്തുന്നവരുമുണ്ട്. ചോദിച്ചാൽ പോലും ബില്ല് നൽകാറില്ലെന്നതാണ് ജി.എസ്.ടി ഇന്റലിജൻസിന് ലഭിക്കുന്ന പരാതികളിൽ നല്ലൊരു പങ്കും. വ്യാപാരി ചരക്ക് വാങ്ങുമ്പോൾ നൽകുന്ന നികുതി (ഇൻപുട്ട്) അവർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി അടക്കേണ്ട നികുതിയിൽനിന്ന് കുറച്ച് നൽകാറുണ്ട് (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്). എന്നാൽ, ഇൻപുട്ട് നികുതി കൃത്രിമമായി കൂട്ടിക്കാണിച്ച് അനർഹമായ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതാണ് വെട്ടിപ്പിന്റെ മറ്റൊരു രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

