ജി.എസ്.ടി നഷ്ടപരിഹാരം: കേരളത്തിന് 6000 കോടിയിലേറെ ലഭിക്കും
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജി.എസ്.ടി നഷ്ടപരിഹാരത്തിൽ പകുതിയോളം തുക കേന്ദ്ര സർക്കാർ വായ്പയെടുത്ത് നൽകാൻ തീരുമാനിച്ചതോടെ കേരളത്തിന് ഇൗയിനത്തിൽ 6000 കോടിയിലേറെ രൂപ ലഭിക്കും. ആര് വായ്പയെടുക്കുമെന്ന തർക്കത്തിൽ കഴിഞ്ഞദിവസം ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു.
സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്ന നിലപാടാണ് പൊതുവേ വന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്ര നിലപാടിനെ പിന്തുണച്ചപ്പോൾ കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങൾ ശക്തമായി എതിർത്തിരുന്നു.
2.35 ലക്ഷം േകാടി രൂപയാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടത്. ഇതിൽ 1.1 ലക്ഷം േകാടി രൂപ കേന്ദ്ര സർക്കാർ വായ്പയെടുത്ത് നൽകാനാണ് തീരുമാനമെന്നാണ് വിവരം. ഇതുവഴി 6000 കോടിയിലേറെ രൂപ കേരളത്തിന് ലഭിക്കും.
വ്യാഴാഴ്ച വൈകീേട്ടാടെയാണ് കേന്ദ്ര തീരുമാനം വന്നത്. വിശദാംശങ്ങൾ ലഭിച്ചാലേ കേരളത്തിന് എത്ര തുക ലഭിക്കുമെന്ന് കൃത്യമായി അറിയാനാകൂ. സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് ഇത് നേരിയ ആശ്വാസമാകും.