ഗ്രൂപ് മാനേജർമാർ കളത്തിൽ; കസേരക്കായി കൈവിട്ട കളികൾ
text_fieldsതിരുവനന്തപുരം: ഹൈകമാൻഡ് മൂക്കുകയറിട്ടിട്ടും മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി കോൺഗ്രസിലുയരുന്നത് അസാധാരണ ചരടുവലികൾ. ഇത്തരം ചർച്ചകൾ പാർട്ടിയെയും മുന്നണിയെയും അപകീർത്തിപ്പെടുത്തുമെന്ന പൊതുവികാരം ഒരു ഭാഗത്ത് സജീവമാണെങ്കിലും അവക്കൊന്നും ചെവി കൊടുക്കാതെയാണ് മറുഭാഗത്തെ തിരക്കിട്ടനീക്കങ്ങൾ. കീഴ്വഴക്കമില്ലാത്ത വിധം ‘ഗ്രൂപ് മാനേജർമാർ’ തന്നെ ഇതിനായി കളത്തിലിറങ്ങിയെന്നതും ശ്രദ്ധേയം.
മുഖ്യമന്ത്രി ചർച്ചകൾ അവസാനിപ്പിക്കുന്നതിനായി ‘ഭൂരിപക്ഷം കിട്ടുന്ന പക്ഷം എം.എൽ.എമാരുടെ അഭിപ്രായം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന’ ഹൈകമാൻഡ് ഫോർമുല ഓരേ സമയം ഗുണത്തിനൊപ്പം ദോഷവും ചെയ്യുന്നുവെന്നതിന് തെളിവാണ് കോൺഗ്രസിലെ അണിയറചർച്ചകൾ. നേതൃത്വത്തിന്‍റെ നിർദേശം പിടിവള്ളിയാക്കി എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനാണ് ഇപ്പോഴുള്ള നീക്കങ്ങൾ.
വോട്ടെടുപ്പിന് ശേഷം മത്സരിച്ച പ്രമുഖരെ ചുറ്റിപ്പറ്റി മുഖ്യമന്ത്രി ചർച്ചകളുയരുന്നത് സ്വാഭാവികമാണെങ്കിലും മത്സരരംഗത്തില്ലാതിരുന്ന കെ.സി വേണുഗോപാലിന്‍റെ പേര്, കെ.പി.സി.സി അധ്യക്ഷൻ തന്നെ പരോക്ഷമായാണെങ്കിലും പരസ്യമായി മുന്നോട്ടുവെച്ചതോടെയാണ് സംഘടനക്കുള്ളിലെ അടിയൊഴുക്കുകളിൽ സംശയങ്ങളുയരുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് കെ.സി എത്തുമോ എന്ന ചാനൽ അഭിമുഖത്തിലെ ചോദ്യത്തോട് സാധ്യത തള്ളാതെയായിരുന്നു സണ്ണിയുടെ പ്രതികരണം.
ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറഞ്ഞതിനൊപ്പം പരമ്പരാഗത ‘എ’, ‘ഐ’ ഗ്രൂപ്പുകൾക്ക് മേലെ കോൺഗ്രസിനുള്ളിൽ ‘സംഘടനാ വിഭാഗം’ എന്ന പുതിയ ചേരി ശക്തിപ്പെട്ടതിനും അനുബന്ധമായാണ് ഈ പരാമർശങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹൈക്കമാൻഡുമായുള്ള കെ.സിയുടെ ബന്ധവും പാർട്ടി സംവിധാനത്തിന്മേലുള്ള നിയന്ത്രണവും ഉപയോഗപ്പെടുത്തി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് സംഘടന വിഭാഗം. ഗ്രൂപ്പ് മാനേജർമാർ പ്രവർത്തിക്കുന്നത് ഈ ‘സംഘടന വിഭാഗത്തിന്’ വേണ്ടിയാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിലെ ‘താരപ്രചാരണ’ങ്ങളിൽ പോലും ഇതിന്‍റെ സൂചന പ്രകടമായിരുന്നു.
മുമ്പ് സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘സംസ്ഥാന നേതൃത്വം മറുപടി പറയുമെന്ന്’ വിശദീകരിച്ചും ദേശീയ രാഷ്ട്രീയത്തിൽ പ്രതികരണങ്ങൾ പരിമിതപ്പെടുത്തിയും ഒഴിഞ്ഞുമാറിയിരുന കെ.സി വേണുഗോപാൽ, സമീപകാലത്ത് സംസ്ഥാന വിഷയങ്ങളിൽ സജീവമാവുകയും വാർത്താസമ്മേളനങ്ങൾക്ക് വരെ തയാറാവുകയും ചെയ്തു. വിലക്കയറ്റത്തെ കുറിച്ച് അറിയുന്നതിന് വീടുകയറിയതും സ്വിഗ്ഗി ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് ഡെലിവറി ബോയിയുടെ ബൈക്കിൽ കയറിയതും ഒടുവിൽ വാഴ-2 സിനിമയുടെ അണിയറശിൽപികളെ ഫോണിൽ വിളിച്ചതുമടക്കം അദ്ദേഹത്തിെന്റ സംസ്ഥാന രാഷ്ട്രീയത്തിലെ സമീപകാല ഇടപെടലുകൾ പാർട്ടിക്കുള്ളിലും ചർച്ചയാണ്.അതിനിടെ, യു.ഡി.എഫിന് വിജയമുണ്ടായാൽ അതിന്‍റെ പൂർണ ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കാണെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിലും ഉളളടങ്ങിയിരിക്കുന്നത് കൃത്യമായ രാഷ്ട്രീയ സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

